ഹൈകോടതി മാർഗനിർദേശം പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ
text_fieldsതൃശൂർ: വെടിക്കെട്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കു പിന്നാലെ ആന എഴുന്നള്ളിപ്പ് പ്രയാസത്തിലാക്കുന്ന വിധത്തിലുള്ള ഹൈകോടതിയുടെ മാർഗനിർദേശം വന്നതോടെ തൃശൂർ പൂരം പതിവുപോലെ നടത്താൻ കഴിയില്ലെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ഹൈകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പൂരത്തോടനുബന്ധിച്ച ആനയെഴുന്നള്ളിപ്പും കുടമാറ്റവും മഠത്തിൽവരവും നടത്താൻ സാധിക്കില്ല.
എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന വ്യവസ്ഥ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള തൃശൂർ പൂരത്തെയും ഇതര ഉത്സവങ്ങളെയും ബാധിക്കും. സ്ഥലവും സൗകര്യവും പരിഗണിച്ചേ ആനകളുടെ എണ്ണം നിശ്ചയിക്കാവൂ എന്ന നിബന്ധന പ്രാബല്യത്തിലാക്കിയാൽ കുടമാറ്റത്തിന് ആനകളെ അണിനിരത്താൻ പറ്റാതാകുമെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.
എഴുന്നള്ളിപ്പിൽ ആനകളെ അണിനിരത്തുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി നിർദേശം പൂരം ഇല്ലാതാക്കുന്ന വിധത്തിലാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിൽ ഒരു ഉത്സവവും നടത്താൻ പറ്റാത്ത സാഹചര്യമാണ് സംജാതമാകുന്നതെന്നും ജി. രാജേഷ് പറഞ്ഞു. ഹൈകോടതി നിർദേശം പാലിച്ചാൽ തൃശൂർ പൂരം നടത്താൻ കഴിയില്ലെന്നും പൊതുവഴിയിലൂടെ പകൽ ആനയുമായി എഴുന്നള്ളിപ്പ് നടത്തരുതെന്ന് വന്നാൽ തിരുവമ്പാടിയുടെ ഏറ്റവും പ്രധാനപ്പെട്ട മഠത്തിൽവരവ് എങ്ങനെ നടത്തുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ചോദിച്ചു. എൻ.ജി.ഒകളെ മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കരുത്. കേസിൽ കക്ഷിചേരുന്ന കാര്യം ദേവസ്വം ആലോചിക്കുകയാണെന്നും ഗിരീഷ് കുമാർ പറഞ്ഞു.
പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം
തൃശൂര്‍: പൂരം നടത്തിപ്പിനെതിരെയുള്ള നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക പൂരം അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുരനടയിലാണ് പ്രതീകാത്മകമായി പൂരം നടത്തിയത്. ആനകളുടെ പ്രതീകമായി നെട്ടിപ്പട്ടങ്ങള് കൈയിലെടുത്ത് പൂരപ്രേമി സംഘാംഗങ്ങള്‍ അണിനിരക്കുകയായിരുന്നു. ആനപരിപാലനവുമായി ബന്ധപ്പെട്ട ഹൈകോടതി ഉത്തരവ് കാരണം തൃശൂര്‍ പൂരം നടത്താന്‍ സാധിക്കാതെ വരുമെന്നും ഇത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും പ്രതീകാത്മക പൂരത്തില്‍ പങ്കെടുത്ത് മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈകോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഉത്തരവ് ഇറക്കിയതോടെയാണ് പൂരോത്സവവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്ത്തിക്കുന്നവരടങ്ങിയ പൂരപ്രേമിസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹൈകോടതി നിര്‍ദേശം അനുസരിക്കുകയാണെങ്കില്‍ തൃശൂര്‍ പൂരത്തിനെന്നല്ല ഒരു പൂരത്തിനും ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും തടസ്സപ്പെടും. അപ്രായോഗിക നിര്‍ദേശമാണ് കോടതിയില്‍നിന്നുണ്ടായത്. പൂരം കാണാത്തവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്മാന് ടി.വി. ചന്ദ്രമോഹന്, കോർപറേഷൻ കൗണ്‍സിലര്‍മാരായ എന്‍. പ്രസാദ്, സുരേഷ്, ജില്ല പഞ്ചായത്ത് അംഗം എ.വി. വല്ലഭന്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, തെച്ചിക്കോട്ട് കാവ് ദേവസ്വം പ്രതിനിധി ബിനു, ചേറുശ്ശേരി കുട്ടന് മാരാര്‍, വിനോദ് കണ്ടേങ്കാവില്‍, പത്മനാഭന് അന്തിക്കാട്, നന്ദകുമാര്‍ വാകയില്‍, ഉണ്ണി നെച്ചിക്കോട്, പ്രഫ. മുരളീധരന് ചാത്തനാത്ത്, അനില്‍കുമാര്‍ മോച്ചാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.