പൂരം കലക്കൽ; അതൃപ്തി സഭയിലുംപരസ്യമാക്കി സി.പി.ഐ
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിഷയത്തിലെ അതൃപ്തി നിയമസഭയിൽ പരസ്യമാക്കി സി.പി.ഐ. അടിയന്തരപ്രമേയ ചർച്ചയിൽ സി.പി.എം അംഗങ്ങൾ പൂരം കലക്കൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മന്ത്രി കെ. രാജനും പി. ബാലചന്ദ്രനും തുറന്നടിച്ചത്.
തൃശൂരിൽ ആചാര ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ രാജൻ, പൂരം കലക്കാൻ ബോധപൂർവമായ ഗൂഢാലോചനയുണ്ടായെന്നും അതിന് നേതൃത്വം നൽകിയ ആർ.എസ്.എസ് നേതാക്കളെ കുറിച്ച് പറയാൻ നമ്മളെന്തിനാണ് മറച്ചും ഒഴിച്ചും പിടിക്കുന്നതെന്നും ചോദിച്ചു. സംസാരിക്കാൻ മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചാണ് രാജൻ എത്തിയത്. ഇതിനായി കുറിപ്പും കരുതിയിരുന്നു.
‘അർധരാത്രിയിൽ നടുവിലാലിന്റെ മുന്നിലെ ബാരിക്കേഡ് മറികടന്ന് ആളുകളോട് വിഷയമുണ്ടാക്കാൻ ആഹ്വാനമുണ്ടായി. ഒരു തടസ്സവുമില്ലാതെ വെടിക്കെട്ട് നടത്താമെന്ന് തീരുമാനിച്ചെങ്കിലും ദേവസ്വം അധികാരികളെയടക്കം ഒന്നര മണിക്കൂർ ചുറ്റിച്ചതിനു പിന്നിൽ ഇടപെടലുണ്ടായി. പ്രകടനമായി ചിലർ ശ്രീമൂലസ്ഥാനത്തേക്ക് വന്നതിന്റെ പിന്നിൽ ആരൊക്കെയാണ് ഇടപെട്ടത്?.
ഇതിന്റെ പിന്നിലെല്ലാം ഗൂഢാലോചനയുണ്ട്. അതിൽ ആരൊക്കെയെന്നത് പൊതുജനത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രാജൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ മറുപടി പറയാൻ എഴുന്നേറ്റ വേളയിലാണ് സമയം ചോദിച്ചുവാങ്ങി രാജൻ ഇക്കാര്യം വ്യക്തമാക്കിയത്. സമയം നീളുന്നത് സ്പീക്കർ ചൂണ്ടിക്കാട്ടിയപ്പോൾ ‘‘ഇതെല്ലാം പറഞ്ഞിട്ടേ പോകൂ’’വെന്നായിരുന്നു രാജന്റെ പ്രതികരണം.
ആർ.എസ്.എസ് ഇടപെടൽ അടക്കം വളരെ കരുതലോടെയാണ് സി.പി.എം അംഗങ്ങൾ ചർച്ചയിൽ ഉന്നയിച്ചത്. എ.ഡി.ജി.പിയുടെ പേരുപോലും പരാമർശത്തിൽ കടന്നുവരാതിരിക്കാൻ ശ്രദ്ധിച്ചു. യു.ഡി.എഫ് കാലത്ത് ശിവഗിരിയിലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും മലയാലപ്പുഴയിലുമടക്കമുണ്ടായ പൊലീസ് നടപടികൾ നിരത്തിയായിരുനു തൃശൂർപൂരം അലങ്കോലപ്പെടുത്തലിനെ മറികടക്കാൻ സി.പി.എം ശ്രമിച്ചത്. എന്നാൽ, ഇത്തരം പ്രതിരോധങ്ങൾക്കൊന്നും നിൽക്കാതെ സി.പി.ഐ അംഗം പി. ബാലചന്ദ്രൻ ആർ.എസ്.എസ് ഇടപെടലിലേക്കും വത്സൻ തില്ലങ്കേരിയുടെ സാന്നിധ്യത്തിലേക്കുമടക്കം നേരിട്ട് കടന്നു.
ഡെസ്കിലടിച്ചാണ് പ്രതിപക്ഷം ഈ പരാമർശങ്ങളെ സ്വാഗതം ചെയ്തത്. പിന്നാലെ മന്ത്രി കെ. രാജൻ കൂടി എഴുന്നേറ്റതോടെ സി.പി.ഐ നിലപാടും വിയോജിപ്പും സഭയിൽ പകൽപോലെ വ്യക്തമായി. ഇക്കാര്യം പ്രതിപക്ഷം സി.പി.എമ്മിനെതിരെ ആയുധമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.