പൂര പുരം...
text_fieldsതൃശൂർ: മേട സൂര്യൻ തിരി അൽപം താഴ്ത്തി നിന്നു. കണ്ണും മനവും നിറയെ പൂരം കാണാൻ പാഞ്ഞു നടക്കുന്നവർ വിയർത്തൊലിച്ചില്ല. ഒാരോ പൂരത്തിെനാപ്പവും വടക്കുന്നാഥെൻറ സന്നിധിയിലേക്കണഞ്ഞ പുരുഷാരം ചൂടിനെ പഴിക്കാതെ കാഴ്ചകൾ കണ്ടു നടന്നു. ആനയും വാദ്യമേളവും ആസ്വാദനം നിറച്ചുവെച്ച തുരുത്തുകളിൽനിന്ന് കുടമാറ്റത്തിെൻറ വർണ്ണസാഗരത്തിലലിയാൻ എണ്ണമറ്റ ജനം തെക്കേഗോപുരനടയിൽ തടിച്ചുകൂടി. ഒരു തവണ കൂടി തൃശൂർ പൂരം അനുഭൂതി നിറക്കുന്ന അനുഭവമായി.
ചെറുതായി ഇരുണ്ട ആകാശത്തിനു കീഴെയാണ് കണിമംഗലം ശാസ്താവ് രാവിലെ ആദ്യ പൂരവുമായി വടക്കുന്നാഥ സവിധത്തിലേക്ക് എത്തിയത്. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിെൻറ പുറപ്പാടും ഇലഞ്ഞിത്തറ മേളവും ഘടക പൂരങ്ങൾക്കൊപ്പം വന്ന വാദ്യമേളവും കാണാനും കേൾക്കാനും പൂരക്കമ്പക്കാർ മതിമറന്നു നിന്നപ്പോഴും ചൂട് കടുത്തില്ല.
മഠത്തിൽ വരവ് പഞ്ചവാദ്യം പൂർത്തിയാക്കി, പാറമേക്കാവിെൻറ പുറപ്പാടും കണ്ട് ഇലഞ്ഞിത്തറയിൽ പാണ്ടിയുടെ സംഗീതം ആസ്വദിക്കാൻ തടിച്ചു കൂടിയവർക്ക് ഒരു ‘സർപ്രൈസ്’ ഉണ്ടായിരുന്നു. ഇലഞ്ഞിത്തറയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രമാണി പെരുവനം കുട്ടൻമാരാരെ പൊന്നാട അണിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വടക്കുന്നാഥെൻറ മതിലകത്തെത്തി. തിരുവമ്പാടിയുടെ തിടേമ്പറ്റാൻ പുതിയ കൊമ്പൻ, ചെറിയ ചന്ദ്രശേഖരൻ നിയോഗിക്കപ്പെട്ടപ്പോൾ പാറമേക്കാവ് വിഭാഗത്തിലും അപ്രതീക്ഷിത മാറ്റമുണ്ടായി. പത്മനാഭനു പകരം ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന് തിടേമ്പറ്റിയത്.
വെയിൽ പാടെ താഴ്ന്ന്, ആറോടെയാണ് കുടമാറ്റം തുടങ്ങിയത്. കുടമാറ്റം വീക്ഷിക്കാൻ വി.െഎ.പി ഗാലറിയിൽ മുഖ്യമന്ത്രിയും മന്ത്രി വി.എസ്. സുനിൽ കുമാറും ഉണ്ടായിരുന്നു. പൂരം കാണാനെത്തുന്ന കേരളത്തിെൻറ ആദ്യ മുഖ്യമന്ത്രിയായി, പിണറായി വിജയൻ. പുലർച്ചെയുള്ള വെടിക്കെട്ടിനെച്ചൊല്ലി ആശയക്കുഴപ്പം നിലനിന്നെങ്കിലും അവസാനം അതിനുള്ള അനുമതിയുമെത്തി.
വ്യാഴാഴ്ച ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങി ശ്രീമൂലസ്ഥാനത്ത് മുഖാമുഖം കാണും. കുടമാറ്റവും മേളവും കഴിഞ്ഞ് പരസ്പരം വണങ്ങുന്നതോടെ ഇൗ വർഷത്തെ പൂരത്തിന് പരിസമാപ്തി.
കലക്ടർ അനുമതി നൽകിയില്ല; തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി
മഠത്തിലേക്കുള്ള വരവ് നായ്ക്കനാൽ ജങ്ഷനിൽ എത്തുേമ്പാൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാര വെടി മുടങ്ങി. കലക്ടർ ഡോ. എ. കൗശിഗൻ അനുമതി നൽകാതിരുന്നതാണ് കാരണം. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകാതിരുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടർന്ന് ‘പെസോ’(പെട്രോളിയം ആൻഡ് എക്സ്േപ്ലാസീവ് സേഫ്റ്റി ഒാർഗനൈസേഷൻ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത ചർച്ച തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ബഹിഷ്ക്കരിച്ചു. വ്യാഴാഴ്ച്ച പുലർച്ചെ നടന്ന വെടിക്കെട്ടിന് കനത്ത ആശങ്കകൾക്കൊടുവിലാണ് തിരുവമ്പാടിക്ക് അനുമതി ലഭിച്ചത്.
മഠത്തിലേക്കുള്ള വരവ് രാവിലെ ഒമ്പതിന് നായ്ക്കനാൽ ജങ്ഷനിൽ എത്തുേമ്പാൾ 51 ഗുണ്ടുകൾ ആചാരവെടിയായി പൊട്ടിക്കാറുണ്ട്. സ്വരാജ് റൗണ്ടിൽ വരവ് പ്രവേശിച്ചുവെന്നതിെൻറ സൂചനയാണത്. ഇതാണ് ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത്. ചൊവ്വാഴ്ച്ച 24 കുഴിമിന്നലിൽ നിന്ന് കലക്ടർ സ്വയം സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിരുന്നു.
അതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ‘പെസോ’യുമായി ചർച്ച ചെയ്യാതെ കരിമരുന്ന് കത്തിക്കാൻ അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതേത്തുടർന്നാണ് ആചാരവെടി മുടങ്ങിയത്.
ഇതോടെ പുലർച്ചെയുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കില്ലെന്ന ഉൗഹം വ്യാപകമായി പരന്നു. എന്നാൽ, നഗരത്തിലെ ഹോട്ടലിൽ പെസോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കലക്ടർ വെടിക്കെട്ടിന് അനുമതി നൽകുകയായിരുന്നു. ദേവസ്വങ്ങളെ ചർച്ചക്കു വിളിച്ചപ്പോൾ തങ്ങൾ പെങ്കടുക്കില്ലെന്ന് ഭാരവാഹികൾ കലക്ടറെ അറിയിച്ചു. വെടിക്കെട്ട് പുരയുടെ താക്കോൽ തിരിച്ചേൽപിക്കാമെന്നും വേണമെങ്കിൽ െവടിക്കോപ്പുകളും എത്തിക്കാമെന്നും ദേവസ്വം ഭാരവാഹികൾ കലക്ടറെ അറിയിച്ചു. എന്തു നിലപാട് എടുത്താലും തങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പറഞ്ഞു.
പൂരക്കാഴ്ചയിലലിഞ്ഞ് മുഖ്യമന്ത്രി
തൃശൂർ: ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരം കാണാൻ കേരള മുഖ്യമന്ത്രിയെത്തി. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും ചെറുപൂരങ്ങളും അടക്കമുള്ള പൂരക്കാഴ്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻ ആസ്വദിച്ചു. മുഖ്യമന്ത്രി പൂരം കാണാനെത്തുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്ന് ആശങ്ക പ്രചരിച്ചിരുന്നു. ഇക്കാര്യം ബുധനാഴ്ച രാവിലെ തൃശൂരിൽ അദ്ദേഹം പെങ്കടുത്ത പരിപാടിയുടെ വേദിയിൽ പറയുകയും ചെയ്തു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കി മുഖ്യമന്ത്രി ജനത്തോടൊപ്പം പൂരം ആസ്വദിച്ചു.
വൈകീട്ട് മൂന്നോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ ഇലഞ്ഞിത്തറ മേളത്തിലേക്കെത്തിയ മുഖ്യമന്ത്രി മേളക്കാരെയും പൂരം സംഘാടകരെയും അഭിവാദ്യം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാറും സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഐ.ജി എം.ആർ. അജിത്കുമാർ, കമീഷണർ രാഹുൽ ആർ. നായർ എന്നിവർക്കായിരുന്നു സുരക്ഷ ചുമതല. ഇലഞ്ഞിത്തറയിൽ ഇരുപതാം പ്രാമാണ്യമേറ്റിയ പെരുവനം കുട്ടൻമാരാരെ പൊന്നാടയണിയിച്ചു. പെരുവനവുമായി കുശലം പറഞ്ഞ മുഖ്യമന്ത്രി അൽപസമയം െചലവിട്ട ശേഷം രാമനിലയത്തിലേക്ക് മടങ്ങി.
വൈകീട്ട് അഞ്ചോടെ കുടമാറ്റം നടക്കുന്ന തെക്കേ ഗോപുരനടയിലെ ഗാലറിയിലെത്തി. മന്ത്രി സുനിൽകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശൻ, കെ. രാധാകൃഷ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു. പൂരം കേരളത്തിെൻറ സാംസ്കാരിക മഹോത്സവമാണെന്നും തനിമ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുെമന്നും പറഞ്ഞ പിണറായി, ലോകത്തിലെ അതിവിശിഷ്ട ഓർക്കസ്ട്രേഷനായി വിശേഷിപ്പിക്കുന്ന, ജാതി-മത നിരപേക്ഷമായി മലയാളികളാകെ കൊണ്ടാടുന്ന സാംസ്കാരികോത്സവമാണ് തൃശൂർ പൂരമെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍ പൂരത്തിെൻറ ഘടകപൂരത്തിെൻറ പഞ്ചവാദ്യത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍ (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിെൻറ രാത്രിപൂരം എഴുന്നള്ളിപ്പ് ബുധനാഴ്ച രാത്രി ഏഴരക്ക് കുളശ്ശേരി ക്ഷേത്രത്തില്‍ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.