തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ- കെ. സുരേന്ദ്രൻ
text_fieldsമുനമ്പത്തെ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുന്നു
പാലക്കാട് : തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
പൂരത്തിൻറെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവം വൈകിച്ചു. എല്ലാം സർക്കാരിൻറെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണക്കുകയാണ്. ആർ.എസ്.എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഇതിൽ ഒരു ബന്ധവുമില്ല.
ആർ.എസ്.എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സി.പി.ഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോൾ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിൻറെയും യു.ഡി.എഫിൻറെയും സ്ഥാനാർഥികൾ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
മുനമ്പത്ത് വഖഫ് നിയമത്തിൻറെ പേരിൽ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എൽ.ഡി.എഫും യു.ഡി.എഫും പിന്തുണ നൽകുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക രംഗത്ത് വന്നിരിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സർക്കാരിൻറെ വഖഫ് ബില്ലിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്.
നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വഖഫ് ബോർഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ യു.ഡി.എഫും എൽ.ഡി.എഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്ടേക്ക് ഒരു സ്ഥാനാർഥിക്ക് വേണ്ടി ഡി.സി.സി പ്രസിഡൻറും സ്ഥലം എം.പിയും നാല് മുൻ ഡി.സി.സി പ്രസിഡൻറുമാരും കത്തയച്ചിട്ടും അത് പരിഗണിക്കാതെ മറ്റൊരാളെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസ് പ്രവർത്തകർ അമർഷത്തിലാണ്. ഇപ്പോഴത്തെ സ്ഥാനാർഥി ഷാഫിയുടെ നോമിനി ആണെന്ന് കെ.പി.സി.സി അധ്യക്ഷൻ തന്നെ പറയുന്നു. വിഡി സതീശനും അതിന് പിന്തുണ നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.