‘തൃശൂർ പൂരം കലക്കിയത് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ; മുഖ്യമന്ത്രിക്ക് ആർ.എസ്.എസുമായി അവിഹിത ബാന്ധവം’
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം കലക്കാൻ നേതൃത്വം നൽകിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളാണിതെല്ലാം. അതിനാലാണ് ആരോപണങ്ങൾ വന്നിട്ടും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പിയേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇ.പി. ജയരാജൻ ജാവദേക്കറെ കണ്ടതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
“2023 മേയിൽ പാറമേക്കാവ് വിദ്യാമന്ദിർ ഹാളിൽ ആർ.എസ്.എസിന്‍റെ ക്യാമ്പ് നടന്നിരുന്നു. അവരുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെ പങ്കെടുത്തു. അയാളെ കാണാൻ മുഖ്യമന്ത്രി എ.ഡി.ജി.പി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നു. ഒരു മണിക്കൂർ അവർ തമ്മിൽ സംസാരിച്ചു. എന്തു വിഷയം സംസാരിക്കാനാണ് സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുള്ള എ.ഡി.ജി.പിയെ മുഖ്യമന്ത്രി അങ്ങോട്ടയച്ചത്? തിരുവനന്തപുരത്തെ ഒരു ആർ.എസ്.എസുകാരനും അതിന് ഇടനിലക്കാരനായിരുന്നു. ആ ബന്ധമാണ് പിന്നീട് തൃശൂരിൽ കണ്ടത്.
കമീഷണർ പൂരപ്പറമ്പിൽ അഴിഞ്ഞാടുമ്പോൾ എ.ഡി.ജി.പി അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കാൻ നേതൃത്വം നൽകിയത് എ.ഡി.ജി.പിയാണ്. തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളാണിതെല്ലാം. അതിനാലാണ് ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്നത്. ആർ.എസ്.എസുമായുള്ള മുഖ്യമന്ത്രിയുടെ അവിഹിത ബാന്ധവം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്.
ഇപ്പോൾ വീണക്കെതിരെ എസ്.എഫ്.ഐ.ഒയുടെയോ കരുവന്നൂരിൽ ഇ.ഡി അന്വേഷണമോ ഇല്ല. ഇതിനു പിന്നിലെന്താണ്? നിയമപരമായി ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ഉദ്യോഗസ്ഥരെ കൊണ്ട് മുഖ്യമന്ത്രി ചെയ്യിച്ചു. ആരോപണങ്ങൾ ഉയർന്നിട്ടും ശശിയെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടത്തുന്നത് സബോഡിനേറ്റ് ഉദ്യോഗസ്ഥരാണ്. ഇതിൽ പ്രത്യേകിച്ച് നടപടിയൊന്നും ഉണ്ടാകാൻ പോകുന്നില്ല” -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.