തൃശൂർ പൂരത്തിന് കൊടിയേറി
text_fieldsതൃശൂർ: കോവിഡ് മഹാമാരിയുടെ ആശങ്കയെ പ്രതിരോധിച്ച് തൃശൂരിൻെറ മനസ്സിൽ പൂരം നിറഞ്ഞു. പൂരത്തിന് ഇന്ന് കൊടിയേറി. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റിയത്. തൊട്ടുപിന്നാലെ പാറമേക്കാവിലും കൊടിയുയർത്തി.
കൊടിയേറ്റിന് ഭൂമിയിൽ തൊടാതെ മുറിച്ചെടുത്ത കവുങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് തട്ടകക്കാരുടെ സ്വീകരണത്തോടെ ക്ഷേത്രങ്ങളിലെത്തിച്ചു. മറ്റ് ഉത്സവങ്ങളിൽനിന്ന് വ്യത്യസ്തമായി തട്ടകക്കാർ കൊടിയേറ്റ് നിർവഹിക്കുന്നതാണ് തൃശൂർ പൂരത്തിലെ പ്രത്യേകത.
പൂരം പ്രദർശന നഗരിയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനത്തിനും തുടക്കമാകും. ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്സിനെടുത്ത സർട്ടിഫിക്കറ്റോ പൊലീസ് അനുവദിക്കുന്ന പാസോ ഉള്ളവർക്ക് മാത്രമേ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലേക്കും പ്രവേശിക്കാനാവൂ.
ഘടക പൂരങ്ങളിൽ 1600 പേർക്ക് സൗജന്യ വാക്സിൻ
ഓരോ ഘടക പൂരത്തിനും 200 പേർക്ക് സൗജന്യ കോവിഡ് വാക്സിൻ നൽകും. ഇങ്ങനെ എട്ട് ഘടക ക്ഷേത്രങ്ങളുടെയുമായി 1600 പേർക്ക് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ വാക്സിൻ നൽകും. കൂടുതലായി എത്തുന്നവരുടെ പരിശോധന അതത് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഭാരവാഹികള്‍ ഉറപ്പുവരുത്തണമെന്നും വാക്സിൻ എടുത്ത എല്ലാവർക്കും ഘടക പൂരത്തിെൻറ ഭാഗമാകാമെന്നും കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.കൂടുതൽ പേർക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഘടക ക്ഷേത്രങ്ങൾ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു കലക്ടർ യോഗം വിളിച്ചുചേർത്തത്. 500 പേർക്ക് പാസ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചില്ല.
പൂരം നടത്തിപ്പ്: അരുൺ കെ. വിജയൻ മുഖ്യ ചുമതലക്കാരൻ
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല ഡെവലപ്മെൻറ് കമീഷണര്‍ അരുണ്‍ കെ. വിജയനെ മുഖ്യ ചാര്‍ജ് ഓഫിസറായി ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു.
പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ
തൃശൂർ പൂരം നടത്തിപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കി. ആർ.ടി.പി.സി.ആര് ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാക്സിന് എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം.
ഒരു ഘടകപൂരത്തിെൻറ ഭാഗത്തുനിന്ന് 50 പേര്‍ക്ക് മാത്രേമ പങ്കെടുക്കാന്‍ കഴിയൂ എന്ന നിർദേശം പൊലീസ് നേരേത്ത മുന്നോട്ടുെവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഘടകപൂരങ്ങളുടെ ഭാരവാഹികള്‍ കലക്ടറുമായി ചര്‍ച്ചക്കെത്തിയത്. 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന ആവശ്യം കലക്ടര്‍ അംഗീകരിക്കുകയായിരുന്നു.
ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുക, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ മാനദണ്ഡങ്ങള്‍ പാലിച്ച് എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാമെന്ന് കലക്ടർ യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.