ആകാശപ്പൂരത്തിന് ഇന്ന് സാമ്പിൾ
text_fieldsതൃശൂര്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കാത്തിരുന്ന ആകാശപ്പൂരത്തിന്‍റെ സാമ്പിൾ ഞായറാഴ്ചയാണ്. പൂരം നാളിലെ പുലർച്ചയിലെ വെടിക്കെട്ടിന്‍റെ അത്ഭുതങ്ങൾ സാമ്പിൾ വെടിക്കെട്ടിലും കാണാമെന്നാണ് കരാറുകാരുടെ അവകാശവാദം. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ തിരുവമ്പാടിയും. ഇരുവിഭാഗങ്ങളും വെടിക്കോപ്പുകൾ സജ്ജമാക്കി തേക്കിന്‍കാട് മൈതാനിയിലെ കാബിനുകളിലേക്ക് മാറ്റിത്തുടങ്ങി.
ശനിയാഴ്ച രാവിലെ എക്സ്പ്ലോസീവ് വിഭാഗം വെടിമരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട്ടിലെ സൗകര്യങ്ങളും പരിശോധിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും സാമ്പിള്‍ വെടിക്കെട്ട്. പൊതുജനങ്ങള്‍ക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍നിന്നു വേണം സാമ്പിളും പ്രധാന വെടിക്കെട്ടും കാണാന്‍.
ശബ്ദനിയന്ത്രണം കര്‍ശനമായി പാലിച്ചാണ് ഇരുകൂട്ടരും സാമ്പിളും വെടിക്കെട്ടും നടത്തുന്നത്. ഡൈന പൂര്‍ണമായും ഒഴിവാക്കിയതായും പെസോയുടെ നിർദേശങ്ങൾ പാലിച്ചാണ് കൂട്ടുകളെന്നും കരാറുകാര്‍ പറഞ്ഞു.
സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മാറി നില്‍ക്കുന്നതിനാല്‍ സാമ്പിളിന്‍റെ ഒരുക്കങ്ങള്‍ തേക്കിന്‍കാടില്‍ പുരോഗമിക്കുകയാണ്. തിരുവമ്പാടിക്കു വേണ്ടി വെടിക്കെട്ടൊരുക്കുന്ന വടക്കാഞ്ചേരി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് വീട്ടില്‍ സുരേഷിന്‍റെ ഭാര്യ എം.എസ്. ഷീനയും പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് വിസ്മയം തീര്‍ക്കാനൊരുങ്ങുന്ന വരന്തരപ്പിള്ളി സ്വദേശി പി.സി. വര്‍ഗീസും ഇതാദ്യമായാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് കരാറേറ്റെടുത്തിരിക്കുന്നത്.
പൂരം ചമയപ്രദർശനം ഞായറാഴ്ച തുടങ്ങും. തിങ്കളാഴ്ച പൂര വിളംബരമറിയിച്ച് തെക്കേഗോപുരം തുറക്കും. ചൊവ്വാഴ്ചയാണ് പൂരം. 11ന് ഉപചാരം ചൊല്ലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.