തേക്കിൻ കാട് ഇന്ന് ആൾക്കടലാകും: വെടിക്കെട്ടിനുള്ള കർശന വ്യവസ്ഥയിൽ അതൃപ്തി
text_fieldsതൃശൂർ: ചൊവ്വാഴ്ച തെക്കേ ഗോപുരവാതിലിലൂടെ പുലർകാലത്ത് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തുന്നതിന് പിന്നാലെ ഒന്നൊഴിയാതെ ഏഴ് ഘടകപൂരങ്ങളുടെ വരവ്. രാവിലെ എട്ടോടെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ്. 11.30ഓടെ മഠത്തിന് മുന്നിൽ പഞ്ചവാദ്യത്തിന് കോങ്ങാട് മധു കോലിടും. 12ഓടെ പാണികൊട്ടി പെരുവനത്തിന്റെ പാണ്ടിയോടെ പാറമേക്കാവ് പുറത്തേക്കെഴുന്നള്ളും. ഒരു മണിവരെ പാറമേക്കാവിനുമുന്നിൽ തുടരുന്ന മേളം അവസാനിപ്പിക്കാതെ ഒരുമണിയോടെ എഴുന്നള്ളിപ്പ് വടക്കുന്നാഥനിലേക്ക് നീങ്ങും. 2.10ന് വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇലഞ്ഞിച്ചോട്ടിലെത്തുമ്പോൾ ഇലഞ്ഞിത്തറമേളമാകും. നാലരയോടെ അവസാനിപ്പിക്കുമ്പോൾ ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ടിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം കലാശത്തിലേക്ക്.
ഇലഞ്ഞിത്തറ മേളത്തിനുശേഷം ആദ്യം പാറമേക്കാവിന്റെ തെക്കോട്ടിറക്കം, പിന്നാലെ തിരുവമ്പാടിയും. ഇതിനകം ആൾക്കടലായി മാറുന്ന തേക്കിൻകാടിനെ വിസ്മയിപ്പിക്കുന്ന കുടമാറ്റം. ഒരുമണിക്കൂർ നീളുന്ന കാഴ്ചകൾ അവസാനിക്കുന്നത് അറിയാത്ത ആവേശത്തിലാവും പൂരപ്രേമികൾ.
കുടമാറ്റത്തിനുശേഷം രാത്രിയിൽ ഘടകക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ തീവെട്ടിവെളിച്ചത്തിൽ വീണ്ടും വടക്കുന്നാഥനിലേക്ക്. പാറമേക്കാവിനുമുന്നിൽ പഞ്ചവാദ്യത്തിന് രാത്രി 11ഓടെ തുടക്കം. ഒന്നരയോടെ അവസാനിക്കും. പുലർച്ച മൂന്നിന് വെടിക്കെട്ട്. ആദ്യം പാറമേക്കാവ് വിഭാഗം. പിന്നാലെ തിരുവമ്പാടിയും. ബുധനാഴ്ച രാവിലെ മണികണ്ഠനാലിൽനിന്ന് പാറമേക്കാവിന്റെയും നായ്ക്കനാലിൽനിന്ന് തിരുവമ്പാടിയുടെയും പകൽപ്പൂരം എഴുന്നള്ളിപ്പ്. ശ്രീമൂലസ്ഥാനത്ത് വിസ്തരിച്ച മേളം തീർത്ത് 12ഓടെ ഉപചാരം ചൊല്ലും. ഭഗവതിമാർ ആറാട്ടിനായി മടങ്ങും.
വെടിക്കെട്ട്: കർശന വ്യവസ്ഥയിൽ അതൃപ്തി
തൃശൂർ: വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന എക്സ്പ്ലോസിവ്സ് വിഭാഗത്തിന്റെ കർശന വ്യവസ്ഥയിൽ കടുത്ത അതൃപ്തിയിലാണ് പൂരപ്രേമികളും ദേവസ്വങ്ങളും. മന്ത്രിതലത്തിൽ വീണ്ടും ചർച്ച നടത്തിയതിൽ അൽപംകൂടി ഇളവ് അനുവദിക്കാമെന്ന് ധാരണയായിട്ടുണ്ട്. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ആർ. ബിന്ദു എന്നിവർ പൂരം ഒരുക്കം വിലയിരുത്തി പൂർണസമയം പൂരനഗരിയിലുണ്ട്. തിങ്കളാഴ്ച സാംസ്കാരികമന്ത്രി സജി ചെറിയാനും പൂരം കൂടാനെത്തി. തെക്കേ ഗോപുരവാതിൽ തുറക്കുന്ന കാഴ്ചയുടെ ആവേശത്തിൽ മന്ത്രിയും പൂരത്തിൽ അലിഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂരം ചമയപ്രദർശനം കാണാനെത്തിയിരുന്നു.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും തേക്കിൻകാടിന് ചുറ്റുമുള്ള വൃക്ഷങ്ങളും ദീപാലംകൃതമായതോടെ നഗരം പൂരനിറച്ചാർത്തണിഞ്ഞു. പൂരപ്പന്തലുകളിൽ ദീപങ്ങൾ മിഴിതുറന്നു. വൈകീട്ട് പരിശോധനക്ക് ആനകളെ നിരത്തിയപ്പോൾ തേക്കിൻകാട് ആനക്കാടായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.