കാത്തിരുന്ന പൂരം നാളെ... തെക്കേ ഗോപുരനട ഇന്ന് തുറക്കും
text_fieldsതൃശൂർ: ഒരാണ്ടല്ല, രണ്ടാണ്ടിന്‍റെ കാത്തിരിപ്പ്. നാളെയാണ് പൂരം. ആനച്ചമയങ്ങളുടെ വർണക്കാഴ്ചകളും ആകാശമേലാപ്പിൽ വിരിഞ്ഞ സാമ്പിളിന്‍റെ കരിമരുന്ന് ചന്തവും കണ്ട ആനന്ദനിർവൃതിയിലാണ് പൂരാസ്വാദകർ. പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്‍റെ ശിരസ്സിലേറി വടക്കുന്നാഥനെ വണങ്ങി തിങ്കളാഴ്ച തെക്കേ ഗോപുരനട തുറന്നിടും. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിന്‍റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നുതവണ ശംഖ് മുഴക്കുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ഞായറാഴ്ച രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലർച്ച നടക്കുന്ന വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും തുടരുകയാണ്.
നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ട തെറ്റാത്ത ചടങ്ങുകളെങ്കിലും ഓരോ പൂരവും പുതുമയേറിയ അനുഭവങ്ങളാണ്. പൂരദിവസം ഉച്ചയോടെ എട്ട് ഘടക പൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിനുശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും. ഇടവേളക്കു ശേഷം എത്തിയ പൂരത്തെ ആവേശത്തോടെയാണ് തൃശൂർ വരവേൽക്കുന്നത്. നേരത്തേതന്നെ വിപുലമായ ഒരുക്കങ്ങൾ ദേവസ്വങ്ങളും സർക്കാറും വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.