ഒടുവിൽ തൃശൂർ പൂരം വെടിക്കെട്ട്
text_fieldsതൃശൂർ: പലതവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഒടുവിൽ നടത്തി. കാലാവസ്ഥ അനുകൂലമായതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ഓടെ വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിന് മുന്നോടിയായി സ്വരാജ് റൗണ്ടിലേക്കുള്ള വഴികൾ അടക്കുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പരിഗണിച്ചുമാണ് ഒടുവിൽ ദേവസ്വങ്ങളും ജില്ല ഭരണകൂടവും തമ്മിൽ തീരുമാനമായത്.
പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവെച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. പിന്നീട് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കാൻ തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടിയുടെ വെടിമരുന്ന് പുരക്ക് സമീപം പടക്കം പൊട്ടിച്ചത് സുരക്ഷാപ്രശ്നം ഉയർത്തിയിരുന്നു. വൻ സ്ഫോടക വസ്തുശേഖരം നഗരത്തിൽ സൂക്ഷിക്കുന്നതിലെ ഗൗരവം പൊലീസ് ജില്ല ഭരണകൂടത്തെ അറിയിച്ചതനുസരിച്ച് സുരക്ഷയും കൂട്ടിയിരുന്നു. ബാരിക്കേഡും പത്തോളം പൊലീസുകാരും റവന്യു ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരുമടക്കമാണ് വെടിമരുന്ന് മാഗസീനുകൾക്ക് കാവലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.