തൃശൂർ പൂരം നാളെ; ചടങ്ങിൽ ഒതുങ്ങും, നിയന്ത്രണങ്ങൾ ഏറെ
text_fieldsതൃശൂർ: കോവിഡ് രൂക്ഷകാലത്ത് വീണ്ടുമൊരു തൃശൂർ പൂരം. വെള്ളിയാഴ്ച ചടങ്ങുകൾ മാത്രമാക്കി തൃശൂർ പൂരം അരങ്ങേറും.
പൂരാവേശം കൊടുമുടി കയറേണ്ട സാഹചര്യത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ നിയന്ത്രണങ്ങൾ ഏറെ. പൂരം വരവറിയിച്ച് ബുധനാഴ്ച വൈകീട്ട് സാമ്പിൾ വെടിക്കെട്ട് നടത്തി. ഒറ്റ കുഴിമിന്നലിന് മാത്രം തീകൊളുത്തിയാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ സാമ്പിൾ പ്രതീകാത്മകമാക്കിയത്.
കാഴ്ചക്കാരെ അടുപ്പിക്കില്ലെങ്കിലും പൂരത്തിന് നഗരം ഒരുങ്ങി. വഴികൾ പൂർണമായി അടച്ചിട്ടു. കോവിഡ് പരിശോധന നടത്തി പൊലീസ് പാസ് ലഭിച്ചവർക്ക് മാത്രമേ പൂരനഗരിയിൽ പ്രവേശനം ലഭിക്കൂ. ബാരിക്കേഡ് െവച്ച് സ്വരാജ് റൗണ്ടിലേക്കുള്ള 17 വഴികളിലും ഗതാഗതം പൊലീസ് തടയും.
തിരുവമ്പാടിക്കും പാറമേക്കാവിനും പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. എട്ട് ഘടകക്ഷേത്രങ്ങൾക്കുമായി പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ പല മേളക്കാരും ആനക്കാരും പിൻമാറി. സംഘാടകരുടെ കോവിഡ് പരിശോധന ഫലവും നിർണായകമാകും.
വെള്ളിയാഴ്ച പുലർച്ച മുതൽ ശനിയാഴ്ച ഉച്ചക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. അടിയന്തര ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്നവരെ കടത്തിവിടും. കടകൾ തുറക്കാനാവില്ല. പൂരം സംഘാടകർ, മാധ്യമപ്രവർത്തകർ, ആനക്കാർ, മേളക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള പാസുകൾ വിതരണം ചെയ്യുന്നത് പൊലീസാണ്.
ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം രണ്ടു ഫോട്ടോകൾ സഹിതമുള്ള അപേക്ഷ പൊലീസ് പരിശോധിക്കും. നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പാസ് അനുവദിക്കുക.
രണ്ടായിരം പൊലീസുകാർ നഗരത്തിെൻറ പല ഭാഗങ്ങളിലായി നിലയുറപ്പിക്കും. 350ലേറെ ബാരിക്കേഡുകൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് എത്തിച്ചു. വടക്കുന്നാഥക്ഷേത്ര മൈതാനത്തേക്കും പ്രവേശനമില്ല. അതിനിടെ പൂരദിനത്തിൽ കലക്ടർ തൃശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പന്തലുകൾ മിഴി തുറന്നു
പൂരപന്തലുകൾ മിഴി തുറന്നു. പാറമേക്കാവ് വിഭാഗത്തിെൻറ പന്തൽ മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗത്തിെൻറ നടുവിലാലിലും നായ്ക്കനാലിലുമാണ് പന്തലുകൾ. പ്രതീകാത്മകമായി നടന്ന സാമ്പിൾ വെടിക്കെട്ടിന് മുമ്പാണ് പന്തലുകളുടെ സ്വിച്ച് ഓൺ കർമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.