തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്രാനുമതി
text_fieldsതൃശ്ശൂര്‍: ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്രം അനുമതി നല്‍കി. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താനാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്.
മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതതത്വത്തിന് വിരാമിട്ടുകൊണ്ടാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
വ്യക്തമായ ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുഴിമിന്നല്‍ നാല് ഇഞ്ച്, അമിട്ട് ആറിഞ്ച് വ്യാസത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളില്‍ ഇതിനേക്കാള്‍ വലിയതോതിലുള്ള ഉപയോഗം നടന്നതായി എക്‌സ്‌പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനാണ് ഉപാധികള്‍ വെച്ചിരിക്കുന്നത്.
ഡൈനമൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഓലപ്പടക്കം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തൃശ്ശൂരിലെത്തുന്നുണ്ട്. മറ്റന്നാളാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. ശനിയാഴ്ച പുലര്‍ച്ചെയാകും പ്രധാനപ്പെട്ട വെടിക്കെട്ട് നടക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പകല്‍പൂരത്തിലെ വെടിക്കെട്ടടക്കം പൂരത്തിലെ മുഴുവന്‍ വെടിക്കെട്ടുകളും കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുക.
വലിയ തോതിലുള്ള പരിശോധനകളും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരങ്ങള്‍. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരോഘോഷങ്ങള്‍ മുഴുവനും വെറും ചടങ്ങായി മാറ്റുമെന്ന മുന്നറിയിപ്പ് സംഘാടകരുടെ ഭാഗത്തുനിന്നുവന്നിരുന്നു. ഇതിന് പരിഹാരം കാണുന്ന തീരുമാനമാണ് കേന്ദ്രത്തില്‍ നിന്നുവന്നത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന അത്രയും വലിയ വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.