തൃശൂർ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കും
text_fieldsതൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കാൻ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് അറിയിച്ചതായി ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. സ്റ്റേഷൻ പുനർ നിർമാണം റെയിൽവേ ബോർഡിന്റെ പട്ടികയിലുണ്ട്. പുതിയ നടപ്പാലം രണ്ടാം കവാടത്തിലേക്ക് നീട്ടാനും നാലാം പ്ലാറ്റുഫോമിൽ കൂടുതൽ മേൽക്കൂര നിർമിക്കാനും ഡിജിറ്റൽ കോച്ച് ഇൻഡിക്കേഷൻ ബോർഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് ജനറൽ മാനേജർ ചർച്ചയിൽ അറിയിച്ചതായി എം.പി പറഞ്ഞു. ബജറ്റിന് മുന്നോടിയായി എം.പിമാരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
107 കിലോ മീറ്റർ നീളത്തിൽ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ നിലവിലെ ഇരട്ടപ്പാതയോടുചേർന്ന് മൂന്നാം തീവണ്ടിപ്പാത നിർമിക്കാനുള്ള ഫൈനൽ ലൊക്കേഷൻ സർവേ നടക്കുകയാണ്. അത് പൂർത്തിയാകുന്ന മുറക്ക് അന്തിമ അനുമതിക്ക് റെയിൽവേ ബോർഡിന് സമർപ്പിക്കും. 2021-22 വർഷത്തേക്കുള്ള അനുബന്ധ പ്രവൃത്തികളിൽ എറണാകുളം മുതൽ പൂങ്കുന്നം വരെ 76 റൂട്ട് കിലോ മീറ്റർ ഇരട്ടപാതയിൽ ഓട്ടോമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്താനുള്ള 316.89 കോടി രൂപ ചെലവുള്ള പദ്ധതി കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അതിനുശേഷം പൂങ്കുന്നം മുതൽ ഷൊർണൂർ വരെയുള്ള പ്രവൃത്തി ഏറ്റെടുക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.
ഗുരുവായൂർ - തിരുനാവായ പുതിയ പാതയുടെ ഭാഗമായി കുന്നംകുളം മുതൽ തിരുനാവായ വരെയുള്ള 27 കിലോ മീറ്റർ ദൂരത്തിൽ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും ജനപ്രതിനിധികളും മറ്റുമായി റെയിൽവേ നിരവധി ചർച്ച നടത്തിയെങ്കിലും തർക്കങ്ങൾ പരിഹരിച്ചില്ല. ഈ പദ്ധതി തൽക്കാലം മാറ്റിവെച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ നിർദേശപ്രകാരം തിരുവെങ്കിടത്ത് അടിപ്പാത നിർമിക്കാൻ വിശദാംശങ്ങൾ തയാറാക്കി വിശദമായ എസ്റ്റിമേറ്റ് അടക്കം നൽകി. അനുമതിയും ആവശ്യമായ തുകയും ലഭ്യമാക്കിയാൽ മറ്റ് നടപടികൾ തുടങ്ങുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.