പ്രദീപിന്റെ വിയോഗത്തിൽ നോവടങ്ങാതെ നാട്
text_fieldsതൃശൂർ: ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറൻറ് ഓഫിസറും പൊന്നൂക്കര സ്വദേശിയുമായ എ. പ്രദീപിെൻറ വിയോഗത്തിൽ നോവടങ്ങാതെ നാട്.
ഭൗതികശരീരം വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഡി.എൻ.എ അടക്കമുള്ള പരിശോധനകൾക്കു ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടൂ. സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ അടക്കമുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പ്രദീപിെൻറ വീട് സന്ദർശിച്ച തൃശൂർ കലക്ടർ ഹരിത വി. കുമാർ പറഞ്ഞു.
അപ്രതീക്ഷിത വേർപാടറിഞ്ഞ് നാടിെൻറ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരാണ് വീട്ടിലെത്തുന്നത്. മന്ത്രി കെ. രാജൻ വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി. പ്രദീപിെൻറ അച്ഛൻ രാധാകൃഷ്ണൻ അസുഖബാധിതനാണ്. അദ്ദേഹത്തെ മരണ വിവരം അറിയിച്ചിട്ടില്ല. സഹോദരൻ ബുധനാഴ്ചതന്നെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ഭൗതികശരീരം നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ലഭ്യമാവുന്നതിനനുസരിച്ച് നടപടികളെടുക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
2004ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിലുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഛത്തിസ്ഗഢിലെ മാവോവാദി ഓപറേഷൻ, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങി അനേകം ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
നാടിെൻറ രക്ഷക്കായി സധൈര്യം പ്രയത്നിച്ച സൈനികൻ –മുഖ്യമന്ത്രി
തൃശൂർ: സൈനിക ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻറ് ഓഫിസർ എ. പ്രദീപിന് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
'പ്രദീപിെൻറ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018ൽ കേരളം പ്രളയത്തെ നേരിട്ടപ്പോൾ നാടിെൻറ രക്ഷക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങൾ തിരക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.