പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശൂർ യു.ഡി.എഫ്; വിവാദമായപ്പോൾ തിരുത്തി
text_fieldsതൃശൂർ: നാർകോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് തൃശൂർ യു.ഡി.എഫ് വെട്ടിലായി. പിന്തുണച്ചിറക്കിയ വാർത്തക്കുറിപ്പ് വിവാദമായതോടെ തിരുത്തി. സദുദ്ദേശ്യത്തോടെ ബിഷപ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണെന്നും സാമൂഹിക വിപത്തായ ലവ് ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങളുണ്ടായാൽ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നാണ് ബിഷപ് ആവശ്യപ്പെട്ടതെന്നുമാണ് യു.ഡി.എഫ് യോഗ തീരുമാനമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക ഇ-മെയിലിൽനിന്ന് യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിജെൻറ പേരിൽ വാർത്തക്കുറിപ്പിറങ്ങിയത്.
പ്രതിപക്ഷ നേതാവും സംസ്ഥാന കോൺഗ്രസും ബിഷപ്പിെൻറ പരാമർശത്തെ എതിർത്തിരിക്കെയാണ് ഇൗ വാർത്തക്കുറിപ്പിറങ്ങിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഉടൻ ഡി.സി.സി ഓഫിസിൽനിന്ന് തിരുത്ത് വന്നു. തെറ്റായി ഇറങ്ങിയ വാർത്തക്കുറിപ്പാണെന്നും തിരുത്തിയ കുറിപ്പ് ഇട്ടിട്ടുണ്ടെന്നും അറിയിച്ചു. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയ പുതിയ വാർത്തക്കുറിപ്പിൽ 'കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ 20ന് നിയോജകമണ്ഡലം തലത്തിൽ നടക്കുന്ന സമരം ശക്തമാക്കാൻ' തീരുമാനിച്ചതായാണ് അറിയിച്ചത്.
കോൺഗ്രസ് നേതൃത്വത്തിെൻറ അറിവില്ലാതെ വാർത്ത പുറത്ത് വന്നതിൽ കോൺഗ്രസിലും യു.ഡി.എഫിലും എതിർപ്പ് ഉയർന്നു. ബിഷപ്പിനെ അനുകൂലിച്ച വാർത്തക്കുറിപ്പുമായി ഡി.സി.സിക്ക് ബന്ധമില്ലെന്ന് പ്രസിഡൻറ് ജോസ് വള്ളൂർ അറിയിച്ചു. ഓഫിസ് സ്റ്റാഫിനെ സ്വാധീനിച്ച് തൽപരകക്ഷികളിറക്കിയതാണ് പ്രസ്താവനയെന്നും ജോസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.