ഉപചാരം ചൊല്ലാൻ ഭഗവതിമാരെത്തിയില്ല; തൃശൂർ പൂരം കൊടിയിറങ്ങി
text_fieldsതൃശൂർ: വടക്കുന്നാഥന് മുന്നിൽ മുഖത്തോട് മുഖം നിന്ന് ‘അടുത്തവർഷം കാണാ’മെന്ന ഭഗവതിമാരുടെ വിടചൊല്ലലുണ്ടായില്ല. ആ കാഴ്ച കാണാൻ ആരും വന്നിരുന്നുമില്ല. ഭഗവതിമാർ ഉപചാരം പറയാതെ തൃശൂർ പൂരത്തിന് കൊടിയിറങ്ങി. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം സമാപിക്കുക.
കോവിഡ് നിയന്ത്രണങ്ങൾ കൊടിയേറ്റം മുതൽ ഉപചാരം വരെയുള്ളതിലെല്ലാം മാറ്റം വരുത്തി. ഉപചാരം ചൊല്ലുമ്പോഴാണ് വരും വർഷത്തെ പൂരനാൾ പ്രഖ്യാപിക്കുക. ഇത്തവണ ഇതുമുണ്ടായില്ല. എന്നാൽ, 2021 ഏപ്രിൽ 23നാണ് അടുത്തപൂരമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചു. പ്രധാന വെടിക്കെട്ട് നടക്കാറുള്ള പുലർച്ച തട്ടകക്കാർ പോലും ഉണർന്നില്ല. പൂരദിവസവും ക്ഷേത്രക്കുളത്തിൽ ആറാട്ടും ശ്രീഭൂതബലിയും കഴിഞ്ഞ് രാവിലെ ഒമ്പതോടെ ഇരുക്ഷേത്രങ്ങളുടെയും നട അടച്ചു. രണ്ടിടത്തും അഞ്ചുപേർ മാത്രമായിരുന്നു ചടങ്ങ് നടത്തിയത്. ഇലഞ്ഞിത്തറ മേളത്തിെൻറ അമരക്കാരൻ പെരുവനം കുട്ടൻ മാരാർ ഒരു ചെണ്ടയുമേന്തി പാറമേക്കാവിെൻറ ആറാട്ടിന് അകമ്പടി കൊട്ടിനെത്തി. തേക്കിൻകാട് മൈതാനം വിജനമായിരുന്നു.
പൂരമുണ്ടായില്ലെങ്കിലും ശുചീകരണ തൊഴിലാളികളിൽ ചിലർ പതിവ് തെറ്റിക്കാതെയെത്തി. ക്ഷേത്രനടകൾ വൃത്തിയാക്കി അവർ മടങ്ങി. തൃശൂർക്കാരുടെ പൂരമായ പകൽപ്പൂരവും വെടിക്കെട്ടും കഴിഞ്ഞാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ നടക്കാറുള്ളത്. തലേദിവസത്തെ മേളലഹരി വിടാത്തവർക്കായി വീണ്ടും പെരുവനവും കിഴക്കൂട്ടും ശ്രീമൂലസ്ഥാനത്ത് അറിഞ്ഞ് തിമിർക്കും. ആസ്വദിച്ച് ആൾക്കടൽ ഇരമ്പിയാർക്കും. കുടമാറ്റക്കാഴ്ചകളുടെ ചെറുപതിപ്പ് വിസ്മയം പകരും. ഉപചാരം ചൊല്ലി ഭഗവതിമാർ ക്ഷേത്രങ്ങളിലേക്ക് മടങ്ങുമ്പോൾ പൂരക്കാർ കഞ്ഞിക്കുടിക്കാനുള്ള തിരക്കിലേക്ക് മാറും. പാളക്കിണ്ണത്തിൽ തവിട് കളയാതെ കുത്തിയെടുത്ത അരിയുടെ കഞ്ഞിയും മുതിരപ്പുഴുക്കും പപ്പടവും മാങ്ങ അച്ചാറും ചേർത്ത പൂരക്കഞ്ഞിയുടെ രസം പൂരത്തിലെ കാഴ്ചകൾക്കപ്പുറമുള്ള അനുഭവമാണ്.
ഭഗവതിമാരുടെ പറയെടുപ്പും കൂടിയാറാട്ടും ഇത്തവണ ഉണ്ടായില്ല. പതിവിന് വിപരീതമായി വൈകീട്ട് നട തുറന്ന ശേഷമായിരുന്നു ഭഗവതിമാർ ആറാട്ടിന് പുറപ്പെട്ടത്. ക്ഷേത്രത്തിൽ ഉയർത്തിയ കൊടിമരം ഇറക്കിയതോടെ പൂരത്തിന് സമാപനമായി. ചരിത്രത്തിലാദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കാതെ നാലമ്പലത്തിനുള്ളിൽ പൂരത്തിന് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.