കൊമ്പുകോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്
text_fieldsതൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ തൃശൂര്‍ പൂരത്തിലെ പ്രമാണിയായ ആനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു.
കൂടാതെ, തൃശൂരിന്റെ പ്രധാന ബിസിനസ് മേഖലയായ ജ്വല്ലറിയെയും സില്‍ക്‌സിനെയും മഞ്ഞ നിറം പ്രതിനിധാനം ചെയ്യുന്നുണ്ട്. ലോഗോയില്‍ കാണുന്ന പച്ച നിറം ദൈവത്തിന്റെ സ്വന്തം നാടിനെയാണ് സൂചിപ്പിക്കുന്നതെന്നും സജ്ജാദ് വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രാന്‍ഡിങ് ഏജന്‍സി പോപ്കോണ്‍ ക്രിയേറ്റീവ്സാണ് ലോഗോ ഡിസൈന്‍ ചെയ്തത്.
കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ ലോഗോ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സ് താരം വിഷ്ണു വിനോദാണ് തൃശൂര്‍ ടീമിന്റെ ഐക്കണ്‍ സ്റ്റാര്‍. മറ്റുതാരങ്ങളുടെ ലേലം ഓഗസ്റ്റ് 10ന് തിരുവനന്തപുരത്ത് നടക്കും.
സെപ്റ്റംബര്‍ രണ്ടു മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.