തുമ്പമൺ ബാങ്ക് തെരഞ്ഞെടുപ്പ്; നിയമപരമായി നേരിടാൻ കോൺഗ്രസ്
text_fieldsപന്തളം: തുമ്പമൺ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ഉണ്ടായ സംഭവവികാസങ്ങൾ നിയമപരമായി നേരിടാൻ കോൺഗ്രസ്. കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പാണ് പോലീസ് ലാത്തിച്ചാർജിലും സംഘർഷത്തിലും കലാശിച്ചത്.
ബാങ്കിൽ മത്സരിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൈകോടതി അഭിഭാഷകന്റെ നിയമ ഉപദേശങ്ങൾ തേടിയാണ് കോൺഗ്രസ് നീക്കം ആരംഭിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം സംരക്ഷണം ആവശ്യപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ചതും അക്രമം കാണിച്ച സി.പി.എം പ്രവർത്തകർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കോടതിയെ സമീപിക്കുന്നത്. പൊലീസ് അക്രമത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകരെ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമ നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു.
സംസ്ഥാനത്ത് കരുവന്നൂരിലടക്കം സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ ആയിട്ടും സഹകരണ മേഖല തകരാതിരിക്കാൻ സർക്കാറിനൊപ്പം നിന്നതാണ് കോൺഗ്രസ്. എന്നാൽ, ഇപ്പോൾ ആ പിന്തുണ പിൻവലിച്ചതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
ഭൂരിപക്ഷ സഹകരണ മേഖലകളും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആണെങ്കിലും നിക്ഷേപകരിൽ ധാരാളം കോൺഗ്രസുകാരും ഉണ്ട്. കൂട്ടത്തോടെ നിക്ഷേപകർ പണം പിൻവലിച്ചാൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ താളംതെറ്റും. പൊതുവേ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ബാങ്കുകൾ പിടിച്ചെടുക്കുന്നത് തോന്ന്യാസമാണ് എന്നാണ് വി.ഡി സതീശൻ പറഞ്ഞത്.
കോൺഗ്രസ് ഭരിക്കുന്ന നിരവധി ബാങ്കുകളാണ് സി.പി.എമ്മിന്റെ ഗുണ്ടായിസം കാരണം നഷ്ടപ്പെടുന്നത്. തുമ്പമൺ സർവിസ് സഹകരണ ബാങ്കിൽ ഉണ്ടായ സംഭവവികാസങ്ങൾ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് തുമ്പമണ്ണിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗത്തിലും പങ്കെടുക്കുന്നുണ്ട്.
അട്ടിമറിക്കാൻ ശ്രമിച്ചത് സി.പി.എമ്മെന്ന് കോൺഗ്രസ്
പന്തളം: തുമ്പമൺ സർവിസ് സഹകരണസംഘം തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ശ്രമിച്ചത് സി.പി.എം ആണെന്ന് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയാ വർഗീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ എട്ടിന് തന്നെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപം സംഘടിച്ചുനിന്നിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ അഡ്വ.രാജേഷ് കുമാറിനോട് അപമര്യാദയായി പെരുമാറിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രാജേഷിനെതിരെ വധഭീഷണി മുഴക്കിയപ്പോൾ പൊലീസ് അനങ്ങാതെ നിൽക്കുകയായിരുന്നു. ജനസേവന കേന്ദ്രത്തിൽ നിന്നുമാണ് വ്യാജ കാർഡുകൾ നിർമിച്ചത് വിതരണം ചെയ്തത്.
സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോകൾ എടുത്ത് വ്യാജ കാർഡുകൾ ഉണ്ടാക്കി കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും.
സി.പി.എം വ്യാജ കാർഡുകൾ നിർമിക്കാൻ വേണ്ടി ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാത്തിച്ചാർജിൽ പ്രതിഷേധം
പന്തളം: തുമ്പമണിൽ പൊലീസ് ലാത്തിചാർജിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു. തുമ്പമണ്ണിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജിൽ കേരള കോൺഗ്രസ് പന്തളം മുൻസിപ്പിൽ കമ്മിറ്റി പ്രതിഷേധിച്ചു. കള്ളവോട്ട് ചെയ്യ്തവരെ അറസ്റ്റ് ചെയ്യാതെ കള്ളവോട്ട് ചെയ്യുന്നവരെ ചൂണ്ടി കാണിച്ചവരെ ലാത്തിചാർജ് ചെയ്ത നടപടി ജനാധിപത്യ പ്രക്രിയക്കു നേരെയുള്ള കടന്നുകയറ്റം ആണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് മാത്യു സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നത അധികാര സമിതി അംഗം കെ.ആർ. രവി, വി.എസ്. ഇടുക്കള, തോമസ് കോശി താവളത്തിൽ, ജോൺ തുണ്ടിൽ, അനീഷ് കുരണ്ടിപ്പള്ളിൽ, സാമുവൽ വലകടവിൽ, തോമസ് ശങ്കരത്തിൽ, സി.ഒ. കോശി, ജയൻ, കുഞ്ഞൂമോൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.