കേരളത്തിൽ 'ഇടി'കൂടുന്നു; പിന്നിൽ 'ക്യുമിലോനിംബസ്'
text_fieldsകൊച്ചി: ഉച്ച കഴിയുന്നതോടെ കേരളത്തിെൻറ വിവിധ പ്രദേശങ്ങളിൽ ആകാശത്ത് 'വെടിക്കെട്ടാ'ണ്. വേനൽ മഴക്കൊപ്പം എത്തുന്ന അപകടകാരിയായ ഇടിമിന്നലാണ് ഇതിന് പിന്നിൽ. സാധാരണ വേനൽകാലത്തെ മഴയോടൊപ്പമുള്ള ഇടിമിന്നലിന് കാരണമായ ക്യുമിലോനിംബസ് മേഘങ്ങളാണ് ഇതിന് കാരണമെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണ വളരെ കൂടുതലായി കാണുന്ന ക്യുമിലോനിംബസുകളെ ഭയപ്പെടേണ്ടത് തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. ഏതാണ്ട് ഇരുപത് കിലോമീറ്റർ വ്യാസവും ഉപരിതലത്തിൽനിന്ന് ഒന്നോ രണ്ടോ കിലോമീറ്റർ മുതൽ പതിനാറോ പതിനേഴോ കിലോമീറ്റർ വരെ ഉയരവുമുള്ള കൂറ്റൻ മേഘങ്ങളാണ് ക്യുമിലോനിംബസ്.
ധാരാളം ഈർപ്പമുള്ള വായു ഉയരുമ്പോഴാണ് ക്യുമിലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നത്. കാലവർഷത്തിനുമുമ്പും തുലാവർഷക്കാലത്തുമാണ് ഇത് ധാരാളമായി പ്രത്യക്ഷപ്പെടുക.
കിഴക്കൻ, പടിഞ്ഞാറൻ കാറ്റുകൾ ശക്തമായത് മഴമേഘങ്ങളുടെ കൂട്ടിയിടിക്ക് ആക്കം കൂട്ടി. ഇതിനോടകം നിരവധിയാളുകളുടെ ജീവൻ കവർന്ന ഇടിമിന്നൽ വരും ദിവസങ്ങളിലും ശക്തമാകുമെന്നും ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുൻ വർഷങ്ങളിലേതിനെക്കാൾ വേനൽ മഴ കൂടിയത് തന്നെയാണ് ക്യുമിലോനിംബസ് വർധിക്കാനുള്ള കാരണം.
'കൺവെൻഷൻ' എന്നാണ് ഇപ്പോഴുള്ള മഴയെ കാലാവസ്ഥ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഉച്ചക്ക് ശേഷം പെട്ടെന്ന് മേഘങ്ങൾ രൂപപ്പെടുകയും അപ്പോൾ തന്നെ മഴ പെയ്യുന്നതുമാണ് ഈ രീതി. മേയ് മാസത്തിലും പതിവിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. ഈ വർഷം ഇതിനോടകം സാധാരണയിൽ കൂടുതൽ വേനൽമഴ കേരളത്തിൽ ലഭിച്ചുകഴിഞ്ഞു.
361.5 മില്ലി മീറ്റർ മഴയാണ് മാർച്ച് ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴ. ഏപ്രിൽ 25 വരെ കിട്ടേണ്ട മഴയുടെ അളവ് 116.7 മില്ലീമീറ്ററും. എന്നാൽ, ഇപ്പോൾ 43 ശതമാനം കൂടുതൽ മഴ കിട്ടിക്കഴിഞ്ഞു- 167 മില്ലീ മീറ്റർ. വരും ദിവസങ്ങളിലും ഇടതടവില്ലാതെ മഴ ലഭിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകനായ രാജീവൻ എരിക്കുളം 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം ഏഴ് ശതമാനം കൂടുതൽ മഴയായിരുന്നു ലഭിച്ചത്. എറണാകുളം ജില്ലയിൽ 105.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 198.2 മില്ലി മീറ്റർ മഴ കിട്ടിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.