തുരുത്തി ബൈപാസ് വിരുദ്ധ സമരം: രണ്ട് കുടുംബം പിന്മാറി; സർവേ നടപടികൾ പുനരാരംഭിക്കും
text_fieldsപാപ്പിനിശ്ശേരി (കണ്ണൂർ): ദേശീയപാത ബൈപാസിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരായ സമരത്തിൽനിന്ന് പാപ്പിനിശ്ശേരി തുരുത്തിയിലെ രണ്ട് കുടുംബങ്ങൾ പിന്മാറി. ചൊവ്വാഴ്ച തളിപ്പറമ്പ് ദേശീയപാത വികസന നടപടികളുടെ ചുമതലയുള്ള സ്പെഷൽ തഹസിൽദാറുടെ ഓഫിസിൽ ജില്ല കലക്ടറുമായി നടന്ന ചർച്ചയിലാണ് ഇവർ ഭൂമി ഏറ്റെടുക്കാൻ സമ്മതം നൽകിയത്. സൂം മീറ്റിങ്ങിലൂടെയാണ് കലക്ടർ ഇവരുമായി സംസാരിച്ചത്.
വീടുകളുടെ ഒരുഭാഗം മാത്രം അലൈൻമെൻറിൽ ഉൾപ്പെടുന്ന പക്ഷം വീടിനു മുഴുവനായി നഷ്ട പരിഹാരം നൽകുമെന്ന് ജില്ല കലക്ടർ ഉറപ്പ് നൽകിയതായും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇതോടൊപ്പം സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളിലും അനുകൂലമായ നിലപാടെടുക്കുമെന്നും കലക്ടർ ഉറപ്പ് നൽകിയതായും വീട്ടുടമകൾ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാര തുകയെക്കുറിച്ചും അധികൃതർ യോഗത്തിൽ വ്യക്തത വരുത്തി. ഇതിെൻറ അടിസ്ഥാനത്തിൽ ഇനിയും വിസമ്മതം അറിയിച്ചവർകൂടി സർവേ നടപടികളുമായി സഹകരിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. ബാക്കി കുടുംബങ്ങൾകൂടി ഇന്ന് സമ്മതം നൽകും. ഇതോടെ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള എല്ലാ തടസ്സങ്ങളും നീങ്ങാൻ സാധ്യതയേറി.
സ്ഥലവും വീടും ഇനിയും വിട്ടു നൽകാൻ സമ്മതപത്രം നൽകാത്ത എട്ടു കുടുംബങ്ങളിലെ ആശങ്കകൾ പരിഹരിച്ചാൽ സർവേ നടപടികളുമായി സഹകരിക്കാമെന്ന് അധികൃതർക്ക് ഉറപ്പ് നൽകി. യോഗത്തിൽ, ആശങ്കകൾ ദൂരീകരിക്കുന്നതിന് ജില്ല കലക്ടർ സ്ഥല ഉടമകളുമായി ഓൺലൈനിൽ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കലക്ടർ മാവില നളിനി, ആർ.ഡി.ഒ സ്പെഷൽ തഹസിൽദാർ സി.പി. ഷാജി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ബുധനാഴ്ച തന്നെ അവശേഷിക്കുന്ന ഭാഗത്തെ സർവേ നടപടികൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് അധികൃതർ. മുഴുവൻ സ്ഥലങ്ങളും വീടുകളും കെട്ടിടങ്ങളും സർവേ നടത്തി മൂല്യം നിർണയിച്ച് ഫെബ്രുവരി 15നകം വിട്ടു നൽകിയാൽ മാത്രമേ ദേശീയപാത അധികൃതർക്ക് നിർമാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനാകൂ. തുരുത്തിയിലെ പ്രശ്നം കൂടി പരിഹരിച്ച് സ്ഥലം ഏറ്റെടുക്കുന്നതോടെ കണ്ണൂർ ബൈപാസിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.