മുസ്ലിംകള്ക്ക് ഇപ്പോഴും ദേശസ്നേഹം തെളിയിക്കേണ്ട ദുരവസ്ഥ -തുഷാര്‍ ഗാന്ധി
text_fieldsതേഞ്ഞിപ്പലം: സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇന്ത്യയിലെ മുസ് ലിംകള്‍ ദേശസ്നേഹം തെളിയിക്കേണ്ട ദുരവസ്ഥയിലാണെന്ന് ഗാന്ധിജിയുടെ കൊച്ചുമകനും ചിന്തകനുമായ തുഷാര്‍ ഗാന്ധി. ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ എന്ന പ്രമേയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹ്മാന് ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശുവുമായി ഒരു മുസ്ലിമിനെ കണ്ടാല്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടാകുന്നു. ഗാന്ധിയുടെ ഇന്ത്യ ഗോദ്സെയുടെ ഇന്ത്യയായി മാറുകയാണ്. അനീതിക്കും അതിക്രമത്തിനുമെതിരെ ജനം നിശ്ശബ്ദരാകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സമൂഹ മാധ്യമങ്ങളുണ്ടായിരുന്നെങ്കില് ഗാന്ധിജിക്ക് അഞ്ച് മില്യണ്‍ ഫോളേവേഴ്സ് ഉണ്ടാവുകയും തെരുവില്‍ സമരം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുമായിരുന്നു. വിദ്വേഷത്തിന്റെ തെരുവില്‍ രാഹുല്‍ ഗാന്ധി സ്നേഹത്തിന്റെ കട തുറന്നത് തനിക്ക് സന്തോഷമുണ്ടാക്കിയ സംഭവമാണ്. ‘ഗാന്ധി’ സിനിമ കണ്ടാണ് ഗാന്ധിജിയെക്കുറിച്ച് ലോകമറിഞ്ഞതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജീവിതകാലം മുഴുവന്‍ ജനങ്ങളെ ഒരുമിപ്പിക്കാനാണ് ഗാന്ധി ശ്രമിച്ചത്. എന്നാല്‍, അസഹിഷ്ണുത വളര്‍ത്തി ഭിന്നിപ്പിക്കാനാണ് ഇപ്പോള്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ചെയര്‍ കോഓഡിനേറ്റര്‍ മുല്ലശ്ശേരി ശിവരാമന് നായര്‍ അധ്യക്ഷത വഹിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ, മുന്‍ എം.പി സി. ഹരിദാസ്, ചെയര്‍ ഭരണസമിതിയംഗങ്ങളായ ആര്യാടന് ഷൗക്കത്ത്, റിയാസ് മുക്കോളി, സിന്‍ഡിക്കേറ്റംഗം ടി.ജെ. മാര്ട്ടിന് എന്നിവര്‍ സംസാരിച്ചു. ‘അപനിര്‍മിതി- ചരിത്രത്തിലും പാഠപസ്തകത്തിലും’ സെഷനില്‍ ഡോ. പരകാല പ്രഭാകര്‍ പ്രഭാഷണം നടത്തി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ തീവ്രശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകീട്ട് ആറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.