കോവളത്തിനായി ഉടക്കി വിഷ്ണുപുരം, തുഷാർ വർക്കലയിലോ കൊടുങ്ങല്ലൂരിലോ, ജാനു ബത്തേരിയിൽ
text_fieldsതിരുവനന്തപുരം: കോവളം സീറ്റിനെ ചൊല്ലി കാമരാജ് കോൺഗ്രസ് ഉടക്കിനിൽക്കുന്നത് എൻ.ഡി.എയിൽ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കി. വി.എസ്.ഡി.പി നേതാവായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരെൻറ നേതൃത്വത്തിലുള്ള കാമരാജ് കോൺഗ്രസ് 16 സീറ്റാണ് ആവശ്യപ്പെട്ടത്. ഒരു സീറ്റ് നൽകാമെന്ന നിലപാടിലാണ് ബി.ജെ.പി. അത് കോവളമായിരിക്കണമെന്ന ആവശ്യമാണ് കാമരാജ് കോൺഗ്രസ് ഒടുവിൽ ഉന്നയിച്ചത്. ബി.ഡി.ജെ.എസിൽനിന്ന് ഏറ്റെടുത്ത കോവളം മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷിെൻറ പേര് ബി.ജെ.പി നേതൃത്വം ഉയർത്തിയിട്ടുണ്ട്. നാടാർ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള ഇൗ മണ്ഡലത്തിൽ വിജയിക്കാൻ കഴിയുമെന്ന അവകാശവാദമാണ് ചന്ദ്രശേഖരെൻറത്.
കഴിഞ്ഞതവണ 37 സീറ്റിൽ മത്സരിച്ച ബി.ഡി.ജെ.എസിന് ഇക്കുറി 25 സീറ്റാണ് നൽകിയത്. എന്നാൽ, നെന്മാറ, വടകരപോലെ പുതിയ സീറ്റുകൾ അവർക്ക് ലഭിച്ചു. കോഴിക്കോട് സൗത്ത്, പോരാമ്പ്ര, കോവളം എന്നിവയും കാസർകോട്, കണ്ണൂർ ജില്ലകളിലെ ചില മണ്ഡലങ്ങളും ബി.ഡി.ജെ.എസ് വിട്ടുകൊടുത്തു. വർക്കല ബി.ജെ.പി ആവശ്യപ്പെെട്ടങ്കിലും നൽകിയില്ല. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അവിടെ സ്ഥാനാർഥിയാകുമെന്നാണ് വിവരം. അല്ലെങ്കിൽ കൊടുങ്ങല്ലൂരിൽ മത്സരിച്ചേക്കും. തുഷാർ വർക്കലയിൽ മത്സരിക്കുമെങ്കിൽ കൊടുങ്ങല്ലൂരിൽ ഉമേഷ് ചള്ളിയിൽ സ്ഥാനാർഥിയാകും.
കഴിഞ്ഞദിവസം മുന്നണിയിലേക്ക് മടങ്ങിയെത്തിയ ആദിവാസി നേതാവ് സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്നാണ് വിവരം. കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് പാലായിൽ മത്സരിക്കണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വം മുന്നോട്ടുെവച്ചിട്ടുണ്ട്.
16 സീറ്റ് ആവശ്യപ്പെട്ട തോമസിന് നാലെണ്ണം നൽകുമെന്നാണ് വിവരം. ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനമായില്ല. വ്യാഴാഴ്ച തൃശൂരിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം സ്ഥാനാർഥി സാധ്യതാപട്ടികയിൽ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. ബി.ജെ.പിയുടെ പ്രധാന ഭാരവാഹികളെല്ലാം സ്ഥാനാർഥികളാകും.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടു. തൃശൂർ ജില്ലയിലാകും അവർ മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.