തുഷാറായതിൽ ബി.ജെ.പി അണികൾക്ക് നിരാശ
text_fieldsകൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയെ നിശ്ചയിച്ചതിൽ ബി.ജെ.പി അണികൾക്ക് നിരാശ. രാജ്യത്തെ തങ്ങളുടെ മുഖ്യശത്രുവായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ താമര ചിഹ്നത്തിൽ കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന് തുടക്കംമുതൽ ബി.ജെ.പി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ കാര്യമായ വേരോട്ടമില്ലാത്ത ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടുകൾപോലും ബി.ഡി.ജെ.എസിന് കിട്ടില്ലെന്നാണ് നേതാക്കളും അണികളും വിലയിരുത്തുന്നത്.
രാഹുലിനെതിരെ താമര ചിഹ്നത്തിൽ ശക്തരെ രംഗത്തിറക്കണമെന്നതാണ് അണികൾക്കിടയിലെ പൊതുവികാരമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ തുറന്നുപറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയും അമേത്തിയിൽ രാഹുലിെൻറ എതിരാളിയുമായ സ്മൃതി ഇറാനി, നിർമല സീതാരാമൻ എന്നിവരുടെയും ഒടുവിൽ സുരേഷ് ഗോപിയുടെയും വരെ പേരുകൾ ഉയർന്നുകേട്ടു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മത്സരിച്ച പി.ആർ. രശ്മിൽനാഥിന് കിട്ടിയത് 80,000 വോട്ടാണ്.
സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുകൊടുത്ത നേതൃത്വത്തിെൻറ നിലപാടിനെതിരെ ബി.ജെ.പി ജില്ല നേതാക്കൾക്കിടയിലും അണികളിലും നേരത്തേതന്നെ അസ്വാരസ്യം ഉടലെടുത്തിരുന്നു. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ ഇത് മൂന്നാമത്തെ സ്ഥാനാർഥിയാണ് തുഷാർ. കേരള കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയും വ്യവസായിയുമായിരുന്ന ആേൻറാ അഗസ്റ്റിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു ആദ്യനീക്കം.
സീറ്റുവിൽപന നടത്തിയെന്ന ആരോപണം ശക്തിപ്പെട്ടതോടെ ഇദ്ദേഹത്തിനു പകരം സംസ്ഥാന വൈസ് പ്രസിഡൻറ് പൈലി വാത്യാട്ടിനെ ബി.ഡി.ജെ.എസ് നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ വയനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ജില്ല നേതൃത്വം രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിനും ഇതേ നിലപാടായിരുന്നു. എന്നാൽ, സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ബി.ഡി.ജെ.എസ് നിലപാടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.