തുവ്വൂർ കൊലപാതകം; പ്രതി വിഷ്ണുവിനെ പുറത്താക്കി കോൺഗ്രസ്
text_fieldsകോട്ടയം: തുവ്വൂർ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി വാർത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടനാപരമായ കാരണങ്ങളാൽ മെയ് മാസത്തിൽ തന്നെ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നതായാണ് അറിയുന്നത്.
തുവ്വൂർ കൃഷിഭവനിൽ താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിത(35)യെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. പിതാവ് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്ന് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
ആഗസ്റ്റ് 11നാണ് കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.
വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത വിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതികൾ വിറ്റതായാണു വിവരം.
കൊലക്കുശേഷം വിഷ്ണുവിെൻറ വീട്ടിലെ മാലിന്യക്കുഴിയിൽ മൃതദേഹം തള്ളി. ഇതിനുമുകളിൽ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിർമിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികൾ പൊലീസിനോട് പറഞ്ഞത്. കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.