തുവ്വൂർ സുജിത കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsമലപ്പുറം: മലപ്പുറം തുവ്വൂരിൽ സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്. സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. ഇതിൽനിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടും തർക്കങ്ങളും ഉണ്ടായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.
സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടാകുന്നത്. വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്ന് വിഷ്ണു മൊഴിനൽകിയിട്ടുണ്ട്. കൊല നടത്തി ആഭരണം കവർന്നതാണെന്നാണ് പൊലീസ് നിഗമനം. സുജിതയുടെ താലിമാല, വള, കമ്മൽ എന്നിവ വിവിധ ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മലപ്പുറം എസ്.പി. സുജിത് ദാസ്, നിലമ്പൂർ ഡി.വൈ.എസ്.പി സാജു അബ്രഹാം, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, തഹസിൽദാർ എം.സി. സിന്ദു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡി. കോളജിലേക്ക് മാറ്റി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.