മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; ഫാമിലെ പന്നിയെ കൊന്നുതിന്നു
text_fieldsസുൽത്താൻ ബത്തേരി: കടുവ ഭീതി പടർത്തിയ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷ്, സുഹൃത്ത് ശ്രീജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് കടുവയുടെ ആക്രമണമുണ്ടായത്.
ഒരു പന്നിയെ കൂട്ടിൽ വെച്ച് കൊന്നുതിന്ന നിലയിലും 20ഓളം പന്നിക്കുഞ്ഞുങ്ങളെ കാണാതായ അവസ്ഥയിലുമായിരുന്നു. തുടർന്ന് വനപാലകരും നാട്ടുകാരും ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കടുവ കൊണ്ടുപോയ പന്നികളുടെ ജഡം പരിസരത്തെ കാട്ടിൽ കണ്ടെത്തി. കടുവയുടെ കാൽപാടുകൾ പലഭാഗത്തായി പതിഞ്ഞിട്ടുണ്ട്. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ് ഈ ഫാം.
ആറു വർഷം മുമ്പ് ഇതേ ഫാമിൽ കടുവ വന്ന് പന്നികളെ പിടികൂടിയിരുന്നു. തുടർന്ന് ഫാമിനു ചുറ്റും ഫെൻസിങ് സ്ഥാപിച്ചു. ഇത് കഴിഞ്ഞ ദിവസം കാട്ടാന തകർത്തതോടെയാണ് കടുവക്ക് എളുപ്പത്തിൽ ഫാമിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞതെന്ന് ഉടമ ശ്രീനേഷ് പറഞ്ഞു. കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുവെച്ച് എത്രയും പെട്ടെന്ന് കടുവയെ പിടികൂടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.