വയനാട്ടിലെ കടുവ ആക്രമണം: ശാശ്വത പരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsകൽപ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി കത്തയച്ചു.
ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണവും വർധിച്ചു വരുന്നത് ഭീതിജനകമാണ്. അടുത്തിടെ വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾക്ക് വയനാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും വളർത്തുമൃഗങ്ങൾ പതിവായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റിൽ കടുവ ഉൾപ്പെടെയുള്ള നിരവധി വന്യജീവികൾ യഥേഷ്ടം വിഹരിക്കുന്നു എന്ന നിവേദനങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഇടതിങ്ങിയ അടിക്കാടുകളും എസ്റ്റേറ്റുകൾക്ക് മതിയായ വേലിയില്ലാത്തതും ഈ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് വരുവാൻ കാരണമാകുന്നു. ഇത് ദേശീയപാതയോട് ചേർന്നുള്ളതായതിനാൽ വാഹന യാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്നും രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുൽത്താൻ ബത്തേരി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജനവാസമേഖലയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ബീനച്ചി എസ്റ്റേറ്റിൽ നിന്നും അതുപോലുള്ള വൻകിട തോട്ടങ്ങളിൽ നിന്നുമാണ് വന്യമൃഗങ്ങളിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത്. ഇവിടെ വസിക്കുന്ന വന്യമൃഗങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിൽ എളുപ്പത്തിൽ പ്രവേശിക്കാനാകും. മേൽപ്പറഞ്ഞ സംഭവത്തിനുള്ള പ്രതിവിധി എന്ന നിലയിൽ, ബീനാച്ചിയിലെ അടിക്കാടുകളും പുല്ലും ഉടനടി വെട്ടി നീക്കം ചെയ്യാനും വസ്തുവിന് ചുറ്റും കുറഞ്ഞത് 15 അടി ഉയരത്തിൽ ശക്തമായ ഇരുമ്പ് വേലി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനും ബത്തേരി മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാടും രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനും ഈ മേഖലയിലെ ജനങ്ങളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിച്ച് സ്വൈര്യജീവിതം ഉറപ്പാക്കുന്നതിനും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.