കടുവ നിരീക്ഷണ വലയത്തിൽ, ദൗത്യം നടപ്പാക്കും –സി.സി.എഫ് കെ.എസ്. ദീപ
text_fieldsവാകേരി: കടുവയെ പിടികൂടാനുള്ള ഓപറേഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് നോർതേൺ സി.സി.എഫ് കെ.എസ്. ദീപ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കടുവയെ വ്യക്തമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതനുസരിച്ചുള്ള ട്രാക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. കടുവ ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണ്. അതിനെ പിന്തുടരുന്നുണ്ട്. അനുയോജ്യമായ സാഹചര്യം ഒത്തുവന്നാൽ മയക്കുവെടിവെക്കുകയോ പിടികൂടുകയോ മറ്റുമാർഗങ്ങൾ സ്വീകരിക്കാനോ ഉള്ള നിർദേശമുണ്ട്. അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുനീക്കും. എത്രയും പെട്ടെന്ന് എല്ലാം ഒത്തുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഈ ഭാഗങ്ങളിൽ തന്നെയാണ് കടുവയുള്ളത്. എത്രയും വേഗത്തിൽ ദൗത്യം വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സി.സി.എഫ് കെ.എസ്. ദീപ പറഞ്ഞു. കടുവയുള്ള പരിസര പ്രദേശങ്ങളിൽ 25 കാമറ ട്രാപ്പുകളും മൂന്ന് നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. നിരീക്ഷണ കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കല്ലൂർകുന്നിൽ ഇറങ്ങിയ കടുവയെ സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.