വടശ്ശേരിക്കരയിൽ വീണ്ടും കടുവ; ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsവടശ്ശേരിക്കര: ജനവാസ മേഖലയിലെത്തിയ കടുവയുടെ മുന്നില്‍നിന്ന് ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. മാടമണ്‍ അതംമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ കെ.ആര്. മോഹനനാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
വടശ്ശേരിക്കര ചമ്പോണ് മേഖലയിലെ റബര്‍ തോട്ടത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് നാലരയോടെയാണ് കടുവ എത്തിയത്. വിവരമറിഞ്ഞ് മണിയാറിലും മേടപ്പാറയിലുമായി കടുവ വേട്ടക്കായി എത്തിയ വനപാലക സംഘം എത്തി. ചേന്നാട്ട് സാബുവിെൻറ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനായി ഓട്ടോയിലെത്തിയ മോഹനന് നൂറോളം റബര്‍ മരങ്ങള്‍ ടാപ്പുചെയ്ത ശേഷമാണ് കടുവയെ കണ്ടത്.
ടാപ്പിങ്ങിന് വെളിച്ചത്തിനുപയോഗിക്കുന്ന ഹെഡ് ലൈറ്റിെൻറ വെളിച്ചത്തില്‍ കുറച്ച് ദൂരെയായി കടുവയെ കാണുകയായിരുന്നു. കാട്ടുപന്നിയാകാമെന്നു കരുതിയെങ്കിലും കണ്ണിെൻറ തിളക്കത്തില്‍ കടുവയെ തിരിച്ചറിഞ്ഞു.
അവിടെനിന്ന് ഓടിയ മോഹനന് 150 മീറ്ററോളം ദൂരെ താമസിക്കുന്ന അജയഭവനം അജയെൻറ വീട്ടിലെത്തി അഭയംപ്രാപിച്ചു. മോഹനെൻറ പിന്നാലെ കടുവ എത്തിയെങ്കിലും വീട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ മറഞ്ഞു.
സ്ഥലത്തെത്തിയ വയനാട്, റാന്നി വനം ദ്രുതകര്‍മ സേനാംഗങ്ങള്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. എം.പി, എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കൊല്ലുകയും ഞായറാഴ്ച രാത്രി മണിയാറില്‍ കാലിത്തൊഴുത്തില്‍നിന്നിരുന്ന പശുക്കിടാവിനെ കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ വടശ്ശേരിക്കരയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
വനംവകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ച് കെണിയൊരുക്കിയെങ്കിലും കടുവ കൂടുതല്‍ ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത് ആശങ്കയോടാണ് കാണുന്നത്. വടശ്ശേരിക്കര പഞ്ചായത്തിലെ റബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ തെളിക്കാനും ടാപ്പിങ് തൊഴിലാളികള്‍ വെളുപ്പിന് അഞ്ചിന് ശേഷം മാത്രമേ തോട്ടങ്ങളിലെത്താവൂവെന്നും കലക്ടർ നിർദേശിച്ചു. നരഭോജി കടുവയാണെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്ത് സർക്കാറിന് അയച്ചാല്‍ മാത്രമെ അതിനെ വെടിവെച്ച് പിടിക്കുവാന്‍ കഴിയുവെന്നതിനാല്‍ ഉടന്‍ പഞ്ചായത്ത് കമ്മിറ്റി കൂടുവാനും നിർദേശം നൽകി.
റാന്നി ഡി.എഫ്.ഒ എം. ഉണ്ണികൃഷ്ണന്, എസി.എഫ് കെ.വി ഹരികൃഷ്ണന്, റേഞ്ച് ഓഫിസര്‍മാരായ ബി. വേണുകുമാര്‍, ആര്. അദീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആര്. രാജേഷ്, ആര്.ആര്.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ടി. ലിതേഷ്, ഹാഷിഫ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.