കണ്ണൂരിൽ പിടികൂടിയ കടുവ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
text_fieldsകൊട്ടിയൂർ (കണ്ണൂർ): റിസർവ് വനമേഖലക്കു സമീപം ജനവാസകേന്ദ്രമായ പന്നിയാംമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. 10 വയസ്സുള്ള ആൺകടുവയാണ് കൊട്ടിയൂരിൽനിന്ന് തൃശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോകുംവഴി ചത്തത്. ആന്തരികാവയവങ്ങളുടെ അസുഖമാണ് മരണകാരണമെന്നാണ് നിഗമനമെന്ന് ഡി.എഫ്.ഒ പി. കാർത്തിക് പറഞ്ഞു.
കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് ഉളിപ്പല്ല് നഷ്ടമായതായി അറിയിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്നമൊന്നും കണ്ടിരുന്നില്ല. എങ്കിലും ഇരപിടിക്കാനുള്ള പ്രയാസം കാരണം വനത്തിലേക്ക് വിടേണ്ട എന്ന കണക്കുകൂട്ടലിലാണ് മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. തൃശൂരിലേക്ക് പോകവേ കോഴിക്കോട് പിന്നിട്ടശേഷം നടത്തിയ നിരീക്ഷണത്തിലാണ് കടുവ ചത്തതായി അറിയുന്നത്. സംഭവത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. മയക്കുവെടിയേറ്റ് വയനാട്ടിൽ ആന ചെരിഞ്ഞതിനു പിന്നാലെ കണ്ണൂരിൽ കടുവയും ചത്തതിൽ സർക്കാറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മയക്കുവെടി തന്നെയാണോ വെക്കുന്നതെന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.