കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
text_fieldsകേളകം (കണ്ണൂർ): കൊട്ടിയൂർ പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. കമ്പിവേലിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുംവഴിയാണ് ചത്തത്. കടുവയുടെ പോസ്റ്റുമോർട്ട് ഇന്ന് വയനാട് പൂക്കോട് വെച്ച് നടത്തും.
ഇന്നലെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലായിരുന്നു കടുവയെ കൂട്ടിലാക്കിയത്. ചൊവ്വാഴ്ച പുലർച്ച നാല് മണിയോടെയാണ് വേലിയിൽ കുടുങ്ങിയ കടുവയെ നാട്ടുകാർ കണ്ടത്. റബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. കടുവയുടെ വലതുകൈ കമ്പിയിൽ കുരുങ്ങിയ നിലയിലായിരുന്നു.
രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽനിന്ന് എത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം ജീപ്പിൽനിന്ന് കടുവയെ മയക്കുവെടിവെച്ചു. തുടർന്ന് അരമണിക്കൂറോളം കാത്തിരുന്ന് മയങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം കടുവയെ വലയിലാക്കി. ശേഷം ലോറിയിൽ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റി കണ്ടപ്പുനം വനം ഓഫിസ് പരിസരത്തെത്തിച്ചു.
കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനംവകുപ്പ് ശ്രമിച്ചപ്പോൾ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാൻ തീരുമാനമായത്. തുടർന്ന് തൃശൂർ മൃഗശാലയിൽ കടുവയെ പാർപ്പിക്കാനും ചികിത്സക്കുമുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ, തൃശൂരിലേക്ക് കൊണ്ടുപോകുന്ന വഴി കടുവ ചാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.