ശാന്തിഗിരിയിൽ അശാന്തി പരത്തി കടുവയും കുഞ്ഞുങ്ങളും
text_fieldsകേളകം: ശാന്തിഗിരിയിൽ കടുവയും കുഞ്ഞുങ്ങളും വിഹരിക്കുന്നത് ജനത്തെ ഭീതിയിലാഴ്ത്തി. ടാപ്പിങ് തൊഴിലാളിയാണ് കഴിഞ്ഞ ദിവസം പുലർച്ച മുരിക്കും കരിയിലെ കലുങ്കിന് സമീപം കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടത്. ശാന്തിഗിരിയിലും സമീപ പ്രദേശമായ രാമച്ചിയിലും കടുവയും പുലിയും വളർത്തു മൃഗങ്ങളെ പിടികൂടുന്നതും പതിവായതായിട്ടുണ്ട്.
മലയോര ഗ്രാമമായ ശാന്തിഗിരിയിൽ ഗവ. എൽ.പി സ്കൂളിന്റെ പരിസരത്തെ റോഡിലും സമീപ പ്രദേശത്തെ റബർ, കശുമാവ് തോട്ടങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രദേശത്ത് മുമ്പ് തിരച്ചിൽ നടത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ശാന്തിഗിരിയിലെ വീടിന്റെ ഉമ്മറപ്പടിയിൽ കടന്നെത്തിയ കടുവ വളർത്തുനായെ പിടികൂടിക്കടന്നത്.
കഴിഞ്ഞ ദിവസം കൊട്ടിയൂർ പന്നിയാം മലയിൽ കൃഷിയിടത്തിലെ കുരുക്കിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും പിന്നീട് ചത്തു. അടക്കാത്തോട് ശാന്തിഗിരി, കരിയംകാപ്പ്, പൊയ്യ മല, കൊട്ടിയൂർ പന്നിയാ മല, പാലുകാച്ചി പ്രദേശങ്ങളിൽ കടുവയും പുലിയും കാട്ട് പന്നികളും ജനവാസ മേഖലകളിലെ പതിവ് സന്ദർശകരാണ്. വന്യമൃഗ ആക്രമണം മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് സര്ക്കാര് പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല. ജനവാസ കേന്ദ്രമായ ശാന്തിഗിരിയിൽ കടുവ സാന്നിധ്യം പതിവാകുമ്പോഴും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
ടാപ്പിങ് തൊഴിലാളികൾ ദുരിതത്തിൽ
വന്യജീവി ഭീതി റബർ പാൽ ഉൽപാദനത്തെ ബാധിക്കുകയും കർഷകർക്ക് നഷ്ടത്തിന് കാണമാവുകയും ചെയ്തിട്ടുണ്ട്. പല കർഷകരും ടാപ്പിങ് തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കാട്ടാനയെയും കടുവയെയും പുലിയെയും റബർ തോട്ടങ്ങളിൽ കാണാൻ തുടങ്ങിതോടെയാണ് രാത്രിയും പുലർച്ചയുമുള്ള റബർ ടാപ്പിങ് കർഷകർ അവസാനിപ്പിച്ചത്. മുൻ കാലങ്ങളിൽ പുലർച്ചെ മൂന്നു മുതൽ തോട്ടങ്ങളിലെത്തി ടാപ്പിങ് നടത്തിയിരുന്നവർ ഇപ്പോൾ പുലർന്നശേഷമാണ് തോട്ടങ്ങളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.