പത്തനംതിട്ടയിൽ കടുവ ചത്തത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ; ഭീതിയൊഴിഞ്ഞ് മലയോരമേഖല
text_fieldsവടശേരിക്കര (പത്തനംതിട്ട): ഇഞ്ചപ്പൊയ്കക്ക് സമീപം കണ്ടെത്തിയ കടുവ ചത്തത് മുള്ളൻപന്നിയുമായുണ്ടായ ആക്രമണത്തിലേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കീഴ്ത്താടിയിലും വാരിയെല്ല് തുളച്ച് ശ്വാസകോശത്തിലും തറച്ചിരുന്ന പന്നിയുടെ മുള്ളുകൾ കടുവയെ ഇര തേടുവാൻ ശേഷിയില്ലാതാക്കിയിരുന്നു. എട്ടു വയസ്സ് പ്രായം വരുന്ന പെൺകടുവക്ക് ശ്വാസകോശത്തിലുണ്ടായ മുറിവ് വഴി ന്യൂമോണിയയും പിടിപെട്ടിരുന്നു.
നാഷനൽ ടൈഗർ കൺസർവേറ്റർ അതോറിറ്റിയുടെ കീഴിലുള്ള വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് കടുവയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ബുധനാഴ്ച രാവിലെ 11.30ഓടെ തുടങ്ങിയ പോസ്റ്റ് മോർട്ടം നടപടികൾ വൈകീട്ട് മൂന്നു മണിയോടെയാണ് അവസാനിച്ചത്. പിന്നീട് കടുവയുടെ മൃതദേഹം ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ദഹിപ്പിക്കുകയായിരുന്നു. കോന്നി മേടപ്പറയിൽ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണിതെന്നും മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയതിനാൽ ഇര തേടാനാവാതെയാണ് കടുവ നാട്ടിലേക്ക് ഇറങ്ങിയതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് വടശ്ശേരിക്കരക്ക് സമീപം ഇഞ്ചപൊയ്കയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ തോട്ടിൽ അവശനിലയിലായ കടുവയെ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതരും നാട്ടുകാരും എത്തിയപ്പോഴേക്കും കടുവ ചത്തു.
35 ദിവസത്തോളം കടുവ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ ശ്വാസകോശത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് മരണപ്പെട്ടതെന്നും വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. കിഷോർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി കടുവയുടെ ദേഹത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ ഡെറാഡൂണിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിലേക്ക് അയക്കും. റാന്നി എ.സി എഫ് ഹരികൃഷ്ണൻ, ഡി.എം.ഒ എം ഉണ്ണികൃഷ്ണൻ, റേഞ്ച് ഓഫിസർ വേണു കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.
ഭീതിയൊഴിഞ്ഞ് മലയോരമേഖല
കാടുവിട്ടിറങ്ങിയ കടുവ നാട് നീങ്ങിയതോടെ ഭീതിയൊഴിഞ്ഞു മലയോര മേഖല. കടുവപ്പേടിയിൽ വീടിന് പുറത്തിറങ്ങാനാവാതെ ദിവസങ്ങളോളം ഭീതിയിലായിരുന്ന വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ കാടും റബർ തോട്ടങ്ങളാലും ചുറ്റപ്പെട്ട ഗ്രാമങ്ങളാണ് ചൊവ്വാഴ്ച വൈകീട്ട് അരീക്കക്കാവ് ഇഞ്ചപ്പൊയ്കയിൽ അവശനിലയിൽ കണ്ട കടുവ ചത്തുവീണതോടെ ആശ്വാസപ്പെടുന്നത്. കഴിഞ്ഞമാസം 10ന് മണിയാർ ഡാമിന് സമീപത്തെ വീട്ടിൽനിന്ന് പശുക്കിടാവിനെ കടിച്ചുകുടയുന്നത് കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് പ്രദേശത്തെ കടുവപ്പേടി.
പിന്നീട് അടുത്ത ദിവസങ്ങളിലായി നാട്ടുകാരിൽ പലരും സമീപ പ്രദേശങ്ങളിൽ കടുവയെ കണ്ടതോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കടുവയെ കുടുക്കുവാൻ കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിൽ വടശ്ശേരിക്കര ചമ്പോണ്, പേഴുംമ്പാറ ഉമ്മാമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കടുവയും നാട്ടുകാരും മുഖാമുഖം കണ്ടതോടെ പ്രദേശമാകെ കനത്ത ഭീതിയിലായി. മേയ് ഏഴിന് തണ്ണിത്തോട് മൻപിലാവ് ഭാഗത്തു പ്ലാേൻറഷൻ കോർപറേഷെൻറ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുകയായിരുന്ന ബിനീഷ് മാത്യു എന്ന തൊഴിലാളിയെ ആക്രമിച്ചുകൊന്നു.
അന്ന് തോട്ടത്തിലേക്കെത്തിയ നാട്ടുകാർക്കുനേരെയും കടുവ ആക്രമണ പ്രവണത കാണിച്ചതോടെ തണ്ണിത്തോട് ഭാഗത്തും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതോടെ കടുവയെ കുടുക്കാൻ മുത്തങ്ങയിൽനിന്ന് കുഞ്ചു എന്ന കുങ്കി ആനയും വനംവകുപ്പിെൻറ 13 അംഗ ദൗത്യസംഘവും തണ്ണിത്തോട്ടിൽ എത്തിയിരുന്നു.
എന്നാൽ, കടുവ മണിയാർ ഭാഗത് എത്തുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തതോടെ ദൗത്യസംഘവും കുങ്കി ആനയും വടശ്ശേരിക്കരയിലേക്ക് മാറി. എന്നാൽ, നിരോധനാജ്ഞക്കും കാമറകൾക്കും കുരുക്കാൻവെച്ച കൂടിനുമൊന്നും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ കണ്ടാലുടൻ വെടിവെക്കാൻ മൂന്ന് ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിച്ച് തിരച്ചിൽ വിപുലപ്പെടുത്തി. എന്നിട്ടും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ അടിക്കടി നാട്ടുകാർ കണ്ടെന്ന് അവകാശപ്പെടുന്നത് കാട്ടുപൂച്ചയോ വലിയ പട്ടിയോ ആകാമെന്നുവരെ നിഗമനങ്ങൾ ഉണ്ടായി.
ഇതിനിടക്ക് വയനാട്ടിൽനിന്ന് കൊണ്ടുവന്ന കുങ്കിയാന കാലാവസ്ഥ പിടിക്കാത്തതിനെ തുടർന്ന് പാപ്പാനെ ഉപദ്രവിക്കുകയും അതിനെ വയനാട്ടിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തിരുന്നു. വനംവകുപ്പും ദൗത്യ സംഘവുമൊക്കെ കടുവ കാട് കയറിക്കാണുമെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിച്ച ഘട്ടത്തിലാണ് അവശനിലയിൽ കടുവയെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.