കരുവാരകുണ്ടിൽ കടുവ ഭീതി തുടരുന്നു; ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകരുവാരകുണ്ട് (മലപ്പുറം): കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് പാന്തറയിൽ വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുരിക്കൾ കാട് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ഝാർഖന്ധ് സ്വദേശിനിയായ പുഷ്പലത, കരുവാരകുണ്ട് സ്വദേശി അരുൺ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
എസ്റ്റേറ്റിന്‍റെ അതിർത്തിയിൽ സോളാർ വേലിയിലെ കാട് വെട്ടുന്നതിനിടെ ഇരുവരുടെയും മുന്നിലേക്ക് കടുവ ചാടുകയായിരുന്നു. രണ്ടുപേരും ജീവനും കൊണ്ട് ഓടുന്നതിനിടെ പാറക്കെട്ടിൽ വീണ് പുഷ്പലതയുടെ ഇരുകാലുകൾക്കും പരിക്കേറ്റു. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാസത്തോളമായി കരുവാരകുണ്ട് കുണ്ടോട, ചേരി വനമേഖയിൽ കടുവയുടെ സാന്നിധ്യമുണ്ട്. ഒട്ടേറെ തൊഴിലാളികൾ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് കെണിവെച്ച് കാത്തിരിക്കുകയാണ്.
ഇപ്പോൾ കടുവയെ കണ്ട പാന്ത്രയിൽ പട്ടികളെ വന്യജീവി പിടിച്ചതായും കാൽപ്പാടുകൾ കണ്ടതായും നാട്ടുകാർ പറയുന്നു. സംഭവത്തോടെ ജനവാസ മേഖലയായ പാന്ത്രയിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.