വിടാതെ കടുവ; 10 ദിവസത്തിനിടെ കൊന്നത് അഞ്ച് ആടിനെ
text_fieldsപുൽപള്ളി: മേഖലയിൽ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ആടിക്കൊല്ലിക്കടുത്ത തൂപ്രയിൽ ആടിനെ പിടികൂടി കൊന്നു. പ്രദേശത്ത് 10 ദിവസത്തിനിടെ അഞ്ചാമത്തെ ആടിനെയാണ് കടുവ കൊന്നത്. ദിവസങ്ങളായി കൂട് സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണെങ്കിലും കണ്ടെത്താനായില്ല. കടുവയെ മയക്കുവെടി വെച്ചു പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പുൽപള്ളി അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ തൂപ്ര അംഗൻവാടിക്ക് സമീപമുള്ള പെരുംപറമ്പിൽ ചന്ദ്രന്റെ ആടിനെയാണ് കടുവ പിടികൂടിയത്.
കഴിഞ്ഞ ദിവസം കടുവ ആടിനെ കൊന്ന ഊട്ടിക്കവലയിൽ രാത്രി ഡ്രോൺ പരിശോധന നടത്തുന്നതിനിടെയാണ് കടുവ തൂപ്രയിൽ എത്തിയത്. രാത്രി 11:45 ഓടെയാണ് ചന്ദ്രന്റെ വീട്ടിലെ ആട്ടിൻ കൂട്ടിലെത്തി ഒരു വയസ്സുള്ള ജമുന പ്യാരി ആടിനെ പിടിച്ചത്. കൂടിന് പുറത്ത് ബഹളം കേട്ട് ജനൽ തുറന്നപ്പോഴാണ് കടുവ ആടിനെ പിടിക്കുന്നത് കണ്ടത്. ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി. പിന്നീട് രാവിലെ 4.30 ഓടെ കടുവ വീണ്ടും ആടിനെ കടിച്ച് കൊണ്ടുപോകാനായി എത്തി. വീട്ടുകാർ ഒച്ചവെച്ചപ്പോൾ ആടിനെ ഉപേക്ഷിക്കുകയും പത്ത് മിനിറ്റിന് ശേഷം കടുവ വീണ്ടും എത്തിയെന്നും ചന്ദ്രൻ പറഞ്ഞു.
ബുധനാഴ്ച രാവിലെ വെള്ളക്കെട്ടിലെ തോട്ടത്തിൽ പുല്ലരിയാൻ പോയ പീറ്റർ എന്ന കർഷകൻ കടുവയെ കണ്ടു. ഇതേ തുടർന്ന് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് പരിശോധന. മാനന്തവാടിയിൽ നിന്നുള്ള ആർ.ആർ.ടി ടീമും പരിശോധനക്കെത്തി. ബുധനാഴ്ച ആരംഭിച്ച ഡ്രോൺ പരിശോധനയിൽ കടുവയെ കണ്ടെത്തിയിട്ടില്ല. തുടർച്ചയായി കടുവ ആടുകളെ പിടികൂടുന്നത് നാട്ടുകാരെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഊർജിത ശ്രമം നടക്കുന്നതായി സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ പറഞ്ഞു. രാത്രിയും പരിശോധന തുടരും. പ്രദേശവാസികളുടെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
പുല്പള്ളിയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ
പുല്പള്ളി: കടുവാഭീതി നിലവിലുള്ള പുല്പള്ളി ഗ്രാമപഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി സബ് കലക്ടറുടെതാണ് ഉത്തരവ്. ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാര്‍ഡുകളിലാണ് കടുവ ഭീഷണി തുടരുന്നത്.
കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇവിടെ ആളുകള്‍ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2023ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 221 പ്രകാരം നടപടിയുണ്ടാകുമെന്ന് വയനാട് ജില്ല പൊലീസ് അറിയിച്ചു.
കടുവയെ പിടികൂടുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടി വനംവകുപ്പും പൊലീസും സ്വീകരിച്ചുവരികയാണ്. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് കൂടുതല്‍ അപകടകരമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
പുൽപള്ളി കടുവാഭീതിയിലായിട്ട് 10 ദിവസം
പുൽപള്ളി: കഴിഞ്ഞ 10 ദിവസമായി പുൽപള്ളി മേഖലയെ വിറപ്പിച്ച കടുവയെ പിടികൂടാൻ കഴിയാത്തതിനെതിരെ വ്യാപക പ്രതിഷേധം. ദിവസങ്ങൾക്കുള്ളിൽ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്.
മറ്റൊരു ജീവിയെയും കടുവ കൊന്നിട്ടുമില്ല. അവശനായ കടുവയാണ് നാട്ടിൽ ഇറങ്ങിയിരിക്കുന്നത് എന്നാണ് വനംവകുപ്പ് പറയുന്നത്. കൈകാലുകൾക്ക് പരിക്കുള്ളതായി ഡ്രോൺ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വലിയ മൃഗങ്ങളെ ഓടിച്ച് പിടികൂടാൻ കടുവക്ക് കഴിയില്ലെന്നും ഇവർ പറയുന്നു. കടുവയെ മയക്കു വെടിവെച്ച് പിടികൂടുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് പലതവണ കൺമുന്നിൽ കിട്ടിയ കടുവയെ മയക്കുവടി വെച്ചില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.
കടുവക്ക് മയക്കു വെടിയേറ്റാൽ ചത്തു പോകാൻ സാധ്യത ഏറെയാണെന്നാണ് നിഗമനം. അങ്ങനെ വന്നാൽ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക് മേൽ വരുമെന്നുമവർ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ കടുവയെ കൂട്ടിൽ കയറ്റാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ നേരിൽ കണ്ടിട്ടില്ല എന്നാണ് വനപാലകർ പറയുന്നത്. കേരളം, കർണാടക വനങ്ങളിൽ സെൻസസ് നടത്തിയപ്പോൾ ഈ ഒരു കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ വനംവകുപ്പിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട കടുവ അല്ല ഇതൊന്നുമാണ് പറയപ്പെടുന്നത്.
കഴിഞ്ഞദിവസം തൂപ്രയിൽ മൂന്നുതവണ ഒരു വീട്ടുമുറ്റത്ത് തന്നെ കടുവയെത്തിയിരുന്നു. കടുവ എത്തിയതിന്റെ പരിസരത്തുള്ള വീട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നിട്ടും കടുവയെ മയക്കുവെടി വെക്കാത്തതിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിൽ ആടിനെ വളർത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങളാണിപ്പോൾ ഏറെ ദുരിതത്തിലായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.