ശബരിമല സന്നിധാനത്ത് പുലിയിറങ്ങി
text_fieldsശബരിമല: ശബരിമലയിൽ പഴുതടച്ച സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥരെവരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി. വെള്ളിയാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് സന്നിധാനത്തിന് പിൻവശത്തെ ബെയ്ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയിൽ പുലിയിറങ്ങിയത്.
പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ജീവനുംകൊണ്ട് പാഞ്ഞു. ഓടിരക്ഷപ്പെട്ട ഇരുവരും പന്നിക്കുഴിക്ക് മുകളിലുള്ള ദേവസ്വം ഭക്ഷണശാലയിൽ അഭയം പ്രാപിച്ചു. സംഭവമറിഞ്ഞതോടെ ഭക്ഷണശാലയിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായി. തുടർന്ന് അരവണ പ്ലാൻറിന് പിൻവശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെത്തി. പന്നിക്കുഴിയിൽ ഒളിച്ച പുലിയെ പടക്കമെറിഞ്ഞ് വിരട്ടി തിരികെ കാടുകയറ്റി.
ദേവസ്വം ഭക്ഷണശാലയിലെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന പന്നികൾ കൂട്ടംകൂടുന്ന ഭാഗമാണ് പന്നിക്കുഴി. പന്നിക്കുട്ടികളെ ലക്ഷ്യംവെച്ചാകാം പുലിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മണ്ഡല - മകരവിളക്ക് സമയം അവസാനിച്ച് സന്നിധാനവും പരിസരവും നിശ്ശബ്ദമാകുന്ന വേളകളിൽ സന്നിധാനത്ത് പുലിയുടെയും കടുവയുടെയും സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും സീസൺ സമയത്ത് ഇതാദ്യമാണെന്ന് ദേവസ്വം ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.