കേണിച്ചിറ കടുവ തിരുവനന്തപുരം മൃഗശാലയിൽ
text_fieldsതിരുവനന്തപുരം: സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന് കീഴിലെ കേണിച്ചിറ ഭാഗത്തുനിന്ന് കഴിഞ്ഞ 23ന് വനം വകുപ്പ് പിടികൂടിയ 10 വയസ്സ് പ്രായമുള്ള ആൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. ജനവാസ മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയതോടെയാണ് വനംവകുപ്പ് കടുവയെ കെണിയിലാക്കിയത്. വയനാട് കുപ്പാടിയിൽ വനം വകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സക്കുമായാണ് കടുവയെ മൃഗശാല ആശുപത്രിയിലേക്ക് എത്തിച്ചത്.
നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളുമാണുള്ളത്. ഇതിൽ ബബിത എന്ന പെൺകടുവയെ മാർച്ച് 22ന് വയനാട് നിന്നുതന്നെ കൊണ്ടുവന്നതാണ്. ഇപ്പോൾ ഇവിടെയെത്തിച്ച ആൺകടുവ ഉൾപ്പെടെ മൃഗശാലയിൽ അഞ്ച് കടുവകളായി. പ്രത്യേകം സജ്ജമാക്കിയ ക്വാറന്റീൻ കൂട്ടിലാണ് ഇപ്പോൾ കടുവയെ പാർപ്പിച്ചിരിക്കുന്നത്. 21ദിവസത്തെ ക്വാറന്റീൻ വിജയകരമായി പൂർത്തിയാക്കിയാൽ സാധാരണ കൂട്ടിലേക്ക് മാറ്റും.
ശരീരത്തിൽ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുറിവുകൾ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്ന് കരുതുന്നു. പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ക്വാറന്റീൻ കാലയളവിൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താൻ സാധിക്കുകയുള്ളൂ എന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.