ഒന്നര മാസത്തെ ഭീതിയകന്നു, ഒടുവിൽ പനവല്ലിയിൽ ഭീതിവിതച്ച കടുവ കൂട്ടിലായി
text_fieldsമാനന്തവാടി: ഒന്നരമാസത്തിലധികമായി ഒരു പ്രദേശത്തെ ആളുകളുടെ ഉറക്കം കെടുത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി 8.15 ഓടെ പന വല്ലി ക്രിസ്ത്യൻ പള്ളിക്ക് സമീപം രവിയുടെ സ്ഥലത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
മുത്തങ്ങയില്‍ നിന്നുള്ള വെറ്റിനറി ഓഫിസര്‍ ഡോ. അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ 20 അംഗ മയക്കുവെടി സംഘവും, ബേഗൂര്‍ റേഞ്ചര്‍ കെ. രാകേഷിന്റെ നേതൃത്വത്തിലുള്ള 42 അംഗ വനപാലകരും രണ്ടു ഗ്രൂപ്പായിതിരിഞ്ഞ് രണ്ടാം ദിനവും തിരച്ചിൽ നടത്തുന്നതിനിടയിലാണ് കടുവ വലയിലായത്.
എമ്മടി, സര്‍വ്വാണി, റസല്‍കുന്ന്, പുഴക്കര പ്രദേശങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ടവനാര്തിര്ത്തി പ്രദേശങ്ങളിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്. സ്വകാര്യ കാപ്പിത്തോട്ടങ്ങളിലും വ്യാപകമായി തിരച്ചില്‍ നടത്തി. എന്നാല്‍ പുതിയ കാല്‍പ്പാടുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതും, അടുത്ത ദിവസങ്ങളിൽ കാമറയില്‍ കടുവയുടെ ചിത്രങ്ങള്‍ പതിയാതെ കുഴങ്ങി നിൽക്കുന്നതിനിടയിലാണ് കടുവ തനിയെ കൂട്ടിൽ കയറിയത്.
തിരച്ചിലിന് വിജിലന്‍സ് സി.സി.എഫ്.എസ് നരേന്ദ്രബാബു, ഡി.എഫ്.ഒമാരായ മാര്‍ട്ടില്‍ ലോവല്‍, എ ഷജ്ന എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി പനവല്ലി പ്രദേശം കടുവ ആക്രമണ ഭീതിയിലായിരുന്നു. നിരവധി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയും ചെയ്തിരുന്നു. ഒടുവില്‍ പുഴക്കരിയിലെ കയമയുടെവീട്ടിലേക്ക് കടുവ ഓടിക്കയറിയതോടെയാണ് പ്രദേശവാസികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. ഇതോടെ മയക്കുവെടി വെക്കാൻ തീരുമാനിക്കുകയും ചെയ്തു.
കൂട്ടിലായതോടെ കടുവയെ കാണാൻ പ്രദേശവാസികൾ കൂട്ടത്തോടെ പ്രദേശത്ത് എത്തിച്ചേർന്നു. അതേസമയം മുമ്പ് ശല്യക്കാരനായി പിടികൂടി കാട്ടിൽ വിട്ട കടുവയെത്തെന്നെയാണ് വീണ്ടും പിടികൂടിയതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുവയെ മുത്തങ്ങിയിൽ എത്തിച്ച് കൂട്ടിലടക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അർധരാത്രിയോടെ കടുവയെ വനം വകുപ്പ് സ്ഥലത്തുനിന്ന് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.