ആദിവാസി ജീവന് എന്തു വില ! കടുവ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു, കൈ കടിച്ച് മുറിച്ച് തിന്നു
text_fieldsഗൂഡല്ലൂർ: മസിനഗുഡിക്കടുത്ത് കടുവ വീണ്ടും ഒരാളെ കൊന്നു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് കൊല്ലപെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്ക്കുന്ന സ്ഥലത്തു വെച്ചാണ് കടുവയുടെ ആക്രമണം. ശരീരത്തിന്‍റെ അരക്ക് മുകളിൽ എല്ലാം ഭക്ഷിച്ച നിലയിലാണ്. ജനങ്ങളുടെ ഒച്ചകേട്ടപ്പോൾ ഒരു കൈ കടിച്ച് കൊണ്ട് കടുവ ഓടിരക്ഷപ്പെട്ടുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് മങ്കളബസുവൻ. ഇവിടെ രണ്ടു മാസത്തിനിടെ ഗൗരിയെന്ന ആദിവാസി സ്ത്രീയേയും കൊന്നിരുന്നു. വീടിനു സമീപത്തെ കാട്ടിൽ വിറക് പെറുക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിനിരയായത്. ശേഷമാണ് മുതുമലക്കടത്തു കുഞ്ഞികൃഷ്ണനെ കാലികളെ മേയ്ക്കുന്നതിനിടെ പിടികൂടിയത്. പരിസരത്തുള്ളവർ ഒച്ചവെച്ചതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ശ്രീമധുര, ദേവൻ, മേഫീൽഡ് ഭാഗങ്ങളിൽ കന്നുകാലികളെ കൊന്നു ഭീതിപരത്തുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ 24ന് കന്നുകാലി നോക്കുന്നതിനിടയിലാണ് ദേവൻ ഭാഗത്ത് ചന്ദ്രൻ എന്ന തൊഴിലാളിയെ കടുവ കൊന്നത്. ജനരോഷം ഇളകിയതോടെ കടുവയെ പിടികൂടി മൃഗശാലയിൽ എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി തിരച്ചിൽ നടത്തി വരുകയാണ്. മേഫീൽഡ്‌ഭാഗത്തേക്ക് മാറിയ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. വ്യാഴാഴ്ച മസിനഗുഡി ഭാഗത്ത് കടുവയുടെ സഞ്ചാരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് മറ്റൊരാളെകൂടി പിടികൂടുമെന്ന് ആരും കരുതിയിരുന്നില്ല. മസിനഗുഡിഭാഗത്ത് കടുവയുടെ സഞ്ചാരം കണ്ടെത്തിയപ്പോൾ ജാഗ്രതാ മുന്നറിയിപ്പു നൽകുന്നതിൽ വനപാലകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
വനത്തിൽ കയറാതെ വനാതിർത്തി ഗ്രാമങ്ങളിൽ ഇറങ്ങിയ കടുവക്ക് വനപാലകർ ഇരുപത്തിമൂന്നാം നമ്പർ കടുവ എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ നരഭോജി കടുവ തന്നെയാണ് ഇപ്പോൾ മസിനഗുഡിൽ മങ്കളബസുവനെ കൊന്നതെന്നാണ് ജനങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്. നാലുപേരെ കൊന്നും നിരവധി കന്നുകാലികളെ ഇരയാക്കി വരുന്നസ്ഥിതിയിൽ വെടിവെച്ച് കൊല്ലണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. മങ്കളബസുവൻ കൊല്ലപെട്ടതോടെ മസിനഗുഡിയിൽ പ്രതിഷേധം നടത്തി. മസിനഗുഡി വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു. പ്രതിഷേധ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.