കടുവ കൊന്നത് ഇന്ത്യൻ താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയെ
text_fieldsകൊല്ലപ്പെട്ട രാധ, ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. അൽപ സമയം മുമ്പ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹിയിൽ വെച്ചാണ് ഇന്ത്യൻ താരം ദുരന്തവാർത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകൾ ഇനിയുമുണ്ടാകുമെന്നും അതിനാൽ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്.
2023ലാണ് മിന്നുമണി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംനേടിയത്. വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുകയാണിപ്പോൾ.
മിന്നുമണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്....അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു....ആത്മാവിന് നിത്യശാന്തി നേരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.