വയനാട്ടിൽ കടുവ നാട്ടിലിറങ്ങിയ സംഭവം: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: വയനാട്ടിലെ കുറുക്കന്മൂലയിൽ കടുവ നാട്ടിലിറങ്ങി ഭീതി പരത്തുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാകണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കടുവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കോടതി വിഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തി. ഇതിനുപിന്നാലെ റവന്യൂ, വനം, പൊലീസ് അധികൃതർ സംയുക്ത യോഗം ചേരുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
36 കാമറകൾ, 100 ജീവനക്കാരുടെ പട്രോളിങ്, പുലിയെ വീഴ്ത്താൻ പലയിടങ്ങളിൽ ഇരെവച്ച് കെണിയൊരുക്കിയ അഞ്ച് കൂടുകൾ തുടങ്ങിയ ഒരുക്കങ്ങൾ നടത്തിയതായി വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ മയക്കുവെടി വെക്കാൻ വനം സീനിയർ വെറ്ററിനറി സർജനും സംഘവും തയാറാണ്. ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തി അറിയിച്ച കോടതി, പുരോഗതി വിലയിരുത്താൻ വ്യാഴാഴ്ച വീണ്ടും വിഡിയോ കോൺഫറൻസിങ് മുഖേന യോഗം ചേരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.