കടുവ സാന്നിധ്യം: പിലാക്കാവിൽ കൂട് സ്ഥാപിച്ചു
text_fieldsമാനന്തവാടി: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പിലാക്കാവ് മണിയൻകുന്നിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച പശുവിനെ കടുവ ആക്രമിച്ച് കൊല്ലുകയും വനം വകുപ്പ് ജീവനക്കാർ കടുവയെ നേരിൽ കാണുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടെ കൂട് സ്ഥാപിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മേയാൻ വിട്ട നടുതൊട്ടിയിൽ ദിവാകരന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി പശുവിന്റെ ജഡം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ ജഡം കടുവ കുറച്ച് ദൂരേക്ക് വലിച്ച് കൊണ്ടുപോവുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച പുലർച്ച ജോൺസന്റെ വീട്ടുമുറ്റത്ത് കടുവയെ നേരിൽ കണ്ടിരുന്നു. വനപാലകർ നടത്തിയ തിരച്ചിലിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി നാട്ടുകാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചത്. പശുവിനെ ആക്രമിച്ച സ്ഥലം ചതുപ്പായതിനാൽ ഇവിടെനിന്ന് 50 മീ. അകലെയായി റോഡരികിലാണ് കൂട് സ്ഥാപിച്ചത്. ഡി.എഫ്.ഒമാരായ മാർട്ടിൻ ലോവൽ, എ. ഷജ്ന, റേഞ്ച് ഓഫിസർമാരായ പി. ആഷിഫ്, കെ. രാകേഷ്, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, ഡെപ്യൂട്ടി റേഞ്ചർമാരായ ജയേഷ് ജോസഫ്, കെ. അനന്തൻ, മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൾകരീം, നഗരസഭ കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.