മൂന്നാറിലും കട്ടപ്പനയിലും പുലി; ചിന്നക്കനാലിൽ കാട്ടാന
text_fieldsതൊടുപുഴ: കാട്ടാനയും കാട്ടുപോത്തുമൊക്കെയാണ് ഇതുവരെ ജില്ലയിലെ ജനങ്ങളെ ഭീതയിലാഴ്ത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുലിപ്പേടിയിലാണ് കട്ടപ്പനയും മൂന്നാറും.
മൂന്നാറിൽ കഴിഞ്ഞ ദിവസം കണ്ടത് കരിമ്പുലിയെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ തോട്ടം മേഖല ഞെട്ടലിലാണ്. മേഖലയിൽ ആദ്യമായാണ് കരിമ്പുലിയെ കാണുന്നത്.
കട്ടപ്പന കഞ്ചിയാറിൽ ഫവെങ്ങാലൂർക്കട കടമ്പനാട്ട് ശശിധരന്റെ കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. ഇത് കൂടാതെ തൊടുപുഴക്ക് സമീപം കരിങ്കുന്നത്തും അജ്ഞാത ജീവി വളർത്തു നായയെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലിൽ പതിവ് പോലെ ചക്കക്കൊമ്പനിറങ്ങി കാർഷിക വിളകളടക്കം നശിപ്പിച്ചിട്ടുണ്ട്.
ചിന്നക്കനാലിൽ കാട്ടാന കൃഷി നശിപ്പിച്ചു
തൊടുപുഴ: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ചക്കക്കൊമ്പൻ എന്ന ആനയാണ് വെള്ളിയാഴ്ച രാത്രി സിങ്ക് കണ്ടത്തെ ജനവാസ മേഖലയിലെത്തിയത്. കാർഷികവിളകൾ നശിപ്പിച്ചു. പുലർച്ചയോടെയാണ് ആന കാട്കയറിയത്. ആന ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാഞ്ചിയാർ വെങ്ങാലൂർക്കടയിൽ പുലിയുടെ സാന്നിധ്യം
കട്ടപ്പന: കട്ടപ്പനക്കടുത്ത് കാഞ്ചിയാർ വെങ്ങാലൂർക്കടയിൽ പുലി ഇറങ്ങിയതായി സംശയം. വെങ്ങാലൂർക്കട കടമ്പനാട്ട് ശശിധരന്റെ കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.
പുറത്തുപോയ ശശിധരൻ വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ മടങ്ങിവരുന്നതിനിടെ റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോൾ ഏലച്ചെടികൾക്കിടയിൽ അനക്കവും ശബ്ദവും കണ്ടു. കൈയിലിരുന്ന മൊബൈൽ ടോർച്ച് തെളിച്ചപ്പോഴാണ് പുലിയെ കണ്ടത്. പ്രകാശം കണ്ടതോടെ പുലി അവിടെനിന്ന് വീടിനു പിൻവശത്തു കൂടി സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോകുകയായിരുന്നെന്ന് ശശിധരൻ പറഞ്ഞു. ഉടൻതന്നെ കട്ടപ്പന പൊലീസിലും വനം വകുപ്പിലും അറിയിച്ചു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷിയിടത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നിനെയും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടത്തിലെത്തി പരിശോധിച്ചപ്പോൾ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ഇതിന്റെ ചിത്രമെടുത്ത് വിദഗ്ധ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അടുത്തദിവസം ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലി ഇറങ്ങിയതായി വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. താമസക്കാർ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.