കൊടുവള്ളി കാത്തിരിക്കുന്നത് അഭിമാനപ്പോരാട്ടത്തിന്
text_fieldsകോഴിക്കോട്: കൊടുവള്ളിയിൽ മുനീർ പോരിനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിച്ച് ലീഗിെൻറ അഭിമാനം കാക്കാൻ. അതോടൊപ്പം പാർട്ടിക്കുള്ളിലെ സീറ്റിനുവേണ്ടിയുള്ള പ്രാദേശിക പിടിവലികളിൽപെട്ട് ലീഗ് കോട്ട തകരാതിരിക്കാൻ.
സി.എച്ചിെൻറ പുത്രനെന്ന പദവിയും മുനീറിനെ നെഞ്ചിലേറ്റാൻ കൊടുവള്ളി തയാറാവുമെന്ന കണക്കുകൂട്ടലുമുണ്ട് പാർട്ടിക്ക്.
പ്രാദേശികവാദം കടുത്ത തോതിൽ ഭീഷണിയുയർത്തുന്നതിനിടയിലാണ് മുനീർ കൊടുവള്ളിയിൽ അങ്കത്തിനിറങ്ങുന്നത്. ആ നിലക്ക് ഒത്തുതീർപ്പു സ്ഥാനാർഥിയുടെ പരിവേഷവുമുണ്ട്.
ലീഗിലെ യുവാക്കളാണ് മുനീറിന് കൊടുവള്ളിയിലേക്ക് പച്ചപ്പരവതാനി വിരിക്കാൻ മുന്നിൽനിന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പഞ്ചായത്ത് കമ്മിറ്റികൾ മുനീറിന് പിന്തുണയും ധൈര്യവും പകരാൻ മുന്നോട്ടുവന്നിരുന്നു.
മണ്ഡലത്തിലെ പ്രമുഖനേതാക്കളായ എം.എ. റസാഖ് മാസ്റ്ററും വി.എം. ഉമ്മർമാസ്റ്ററും മത്സരിക്കാൻ തയാറായി നിന്നിടത്തേക്കാണ് മുനീർ എത്തുന്നത്. കഴിഞ്ഞതവണ നിയമസഭ തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കലിൽവെച്ച് ലീഗിൽനിന്ന് മറുകണ്ടം ചാടിയ കാരാട്ട് റസാഖ് ആണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി.
നേരിയ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് ജയിച്ചതെങ്കിലും അന്നത്തേക്കാൾ കരുത്തനായ സ്ഥാനാർഥിയാണ് അദ്ദേഹമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലം യു.ഡി.എഫിനൊപ്പമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിെൻറ നില ഭദ്രമാണ് കൊടുവള്ളിയിൽ.
പേക്ഷ കടുത്ത മത്സരം തന്നെയാവും മുനീറിന് കൊടുവള്ളിയിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലത്തിെൻറ ഭൂമിശാസ്ത്രവും ഘടനയും നേരേത്ത മുനീർ മത്സരിച്ച സൗത്ത് നിയോജക മണ്ഡലത്തേക്കാൾ സങ്കീർണമാണ്. അടിയൊഴുക്കുകൾ തടയുക എന്നതും പ്രധാനമാവും. 2006ലും 2016ലുമാണ് ലീഗിൽനിന്ന് വന്നവരെ മത്സരിപ്പിച്ച് എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.