തെരഞ്ഞെടുപ്പ് ജോലിയിൽ രാഷ്ട്രീയം വേണ്ട, പക്ഷപാതം കാണിച്ചാൽ സസ്പെൻഷൻ–ടിക്കാറാം മീണ
text_fieldsകൊച്ചി: ജീവനക്കാരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുജോലിയിൽ കൊണ്ടുവരരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഭയരഹിതമായും നിഷ്പക്ഷമായും ജോലി പൂർത്തീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഒരുക്കം വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതം കാണിെച്ചന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ആദ്യം നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യും. അയാൾക്കെതിരെ നിയമ നടപടിയും സ്വീകരിക്കും. എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ െതരഞ്ഞെടുപ്പുസമയത്ത് ശ്രദ്ധയിൽപെട്ടാൽ വരണാധികാരികൾ ഭീരുവായി ഇരിക്കാൻ പാടില്ല.
കമീഷൻ നിയമാവലി എല്ലാ ഉദ്യോഗസ്ഥരും വായിച്ചിരിക്കണം. ഉദ്യോഗസ്ഥർ ഒരുരാഷ്ട്രീയ പാർട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നൽകേണ്ടത്. മുഴുവൻ ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിക്കണം.
താൽപര്യമില്ലാത്തവർക്ക് വാക്സിനേഷനിൽനിന്ന് ഒഴിവാകാം. എന്നാൽ, ഇവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാജരാകാൻ. ജില്ലയിൽ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ അദ്ദേഹം തൃപ്തിയറിയിച്ചു. കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ ഹാരിസ് റഷീദ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഐശ്വര്യ ദോങ്റേ, ആലുവ റൂറൽ എസ്.പി കെ. കാർത്തിക്, വരണാധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.