സ്ഥലം മാറ്റിയതിനും സസ്പെൻഡ് ചെയ്തതിനും പിന്നിൽ പി. ശശി; രൂക്ഷ വിമർശനവുമായി ടിക്കാറാം മീണയുടെ ആത്മകഥ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി വിരമിച്ച ടിക്കാറാം മീണയുടെ ആത്മകഥ. തൃശൂർ കലക്ടറായിരിക്കെ വ്യാജകള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് സ്ഥലംമാറ്റിയെന്ന് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. വയനാട് കലക്ടറായിരിക്കെ ഭൂമാഫിയക്കെതിരെ നടപടിയെടുത്തതിന് സസ്പെൻഡ് ചെയ്തതിന് പിന്നിലും പി. ശശിയാണെന്ന് 'തോൽക്കില്ല ഞാൻ' എന്ന പുസ്തകത്തിൽ ടിക്കാറാം മീണ കുറ്റപ്പെടുത്തുന്നു.
സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് നേരിട്ട സമ്മർദങ്ങളും ദുരനുഭവങ്ങളുമാണ് ആത്മകഥയുടെ പ്രസക്തഭാഗം. പി. ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശൂർ കലക്ടറായിരിക്കെ അബ്കാരികൾക്കെതിരെ നടപടിയടുത്തതിനു പിന്നാലെ സ്ഥലം മാറ്റുകയായിരുന്നു.
വ്യാജ കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ല പൊലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേൽ സമ്മർദം ചെലുത്താനും ശ്രമമുണ്ടായി. തലസ്ഥാനത്തുനിന്ന് ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി. ശശിയായിരുന്നു.
സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു. നിർമിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശപ്രകാരമായിരുന്നെന്നാണ് തനിക്കായി വാദിച്ചവരോട് ഇ.കെ. നായനാർ പറഞ്ഞതെന്നും ആത്മകഥയിൽ ടിക്കാറാം മീണ വിവരിക്കുന്നു.
രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാറിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറി. സർവിസ് ബുക്കിൽ മോശം കുറിപ്പെഴുതി. പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ രണ്ടുതവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.
മാധ്യമപ്രവർത്തകൻ എം.കെ. രാംദാസിനൊപ്പം ചേർന്നാണ് 'തോൽക്കില്ല ഞാൻ' എഴുതിയത്. മേയ് രണ്ടിന് തിരുവനന്തപുരം പ്രസ്ക്ലബിൽ പുസ്തകം പ്രകാശം ചെയ്യും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന കാലത്തെ അനുഭവങ്ങൾ ആത്മകഥയുടെ അടുത്ത ഭാഗത്തിൽ വിവരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.