ബംഗളൂരുവിലെ കാമുകനെ തേടി 18കാരി വീടുവിട്ടിറങ്ങി; പെൺകുട്ടിയെ അറിയില്ലെന്ന് യുവാവ്
text_fieldsമൂവാറ്റുപുഴ: കാണാതായ പെൺകുട്ടിയെ കെണ്ടത്തി പൊലീസ് വീട്ടിൽ തിരിച്ചെത്തിച്ചത് ഒരുദിവസത്തിലേറെ നീണ്ട നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ. മൂവാറ്റുപുഴ സ്വദേശിനിയായ പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനൊപ്പം ജീവിക്കാൻ ബംഗളൂരുവിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിന് അടുത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബംഗളൂരു സ്വദേശിക്കൊപ്പം ജീവിക്കാൻ പെൺകുട്ടി സാഹസിക യാത്രക്കൊരുങ്ങിയത്. വീട്ടുകാരറിയാതെ ഓട്ടോഡ്രൈവർ വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടിയെ കാലടിയിൽ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു. അന്ന് രാത്രി അവിടെ തങ്ങി. തുടർന്ന് ശനിയാഴ്ച രാവിലെ ഓട്ടോയിൽ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് ഇരുവരെയും കാലടി പൊലീസ് പിടികൂടുന്നത്.
ഇതിനിടെ, മാതാപിതാക്കളുടെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാലടി ഭാഗത്താണെന്നു മനസ്സിലാക്കി പൊലീസിനു വിവരം കൈമാറിയിരുന്നു. തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായില്ല.
മണിക്കൂറുകളോളം കൗൺസലിങ് നടത്തിയെങ്കിലും പെൺകുട്ടി നിലപാടിൽ ഉറച്ചുനിന്നു. അതോടെ, അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതും വിജയിച്ചില്ല. ഒടുവിൽ പൊലീസ് ബംഗളൂരുവിലെ കാമുകനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നപരിഹാരമായത്.
ഇയാൾ വിവാഹത്തിന് തയാറല്ലെന്നും വിദ്യാർഥിനിയെ അറിയില്ലെന്നും വ്യക്തമാക്കിയത് പൊലീസ് ലൗഡ്സ്പീക്കറിലൂടെ പെൺകുട്ടിയെ കേൾപ്പിച്ചു. പിന്നീടാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായത്. വെള്ളിയാഴ്ച സന്ധ്യയോടെ ആരംഭിച്ച നാടകീയ സംഭവവികാസങ്ങൾ ശനിയാഴ്ച രാത്രിയാണ് അവസാനിച്ചത്.
കോട്ടയത്തെ കോളജിൽ മൈക്രോബയോളജി വിദ്യാർഥിനിയായ പെൺകുട്ടി ടിക്ടോക് താരവുമാണ്. മൂന്നുമാസം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ ബംഗളൂരുവിലെ കാമുകനെ പരിചയപ്പെടുന്നത്. വിവാഹിതരാകാൻ ബംഗളൂരുവിലെത്താൻ കാമുകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പെൺകുട്ടി യാത്ര തിരിച്ചത്. കാമുകൻ ഓൺലൈനിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.