വ്യാപക മരംമുറി സർക്കാറിെൻറ മൗനാനുവാദത്തോടെ
text_fieldsതിരുവനന്തപുരം: വയനാട് ഉൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന വ്യാപക മരംമുറിക്ക് വഴിയൊരുക്കിയത് സർക്കാറിെൻറ മൗനാനുവാദം. മരംമുറി സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവുകളിലെ പാളിച്ചകൾ ഉദ്യോഗസ്ഥർ പലകുറി ചൂണ്ടിക്കാട്ടിയിട്ടും അതെല്ലാം അവഗണിക്കുകയാണ് സർക്കാർ ചെയ്തതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വലിയ ഒത്തുകളിയാണ് ഇൗ വിഷയത്തിലുണ്ടായതെന്ന് വ്യക്തം. സർക്കാർ ഇറക്കിയ ഉത്തരവുകൾ മറയാക്കി മിക്ക ജില്ലയിലും വ്യാപക മരംമുറി നടന്നു. മാസങ്ങൾകൊണ്ട് നടന്ന ഇൗ മരംമുറി ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് വിവാദ ഉത്തരവ് പിൻവലിച്ച് സർക്കാർ തടിയൂരിയത്.
കഴിഞ്ഞദിവസം നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയത്. എന്നാൽ, കഴിഞ്ഞ സർക്കാറിലെ പല പ്രമുഖരും ഇൗ ഇടപാടിൽ ഉൾപ്പെട്ടിരുന്നെന്ന നിലയിലുള്ള ആരോപണങ്ങളും ഉയരുകയാണ്.
മരംമുറിച്ചവർക്കെതിരെ നടപടി കൈക്കൊള്ളാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും രാഷ്ട്രീയ ഇടപെടലുകളുണ്ടായി. കഴിഞ്ഞ ഒക്ടോബർ 24ന് പുറത്തിറക്കിയ ഉത്തരവിൽ മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ മരം മുറിക്കാൻ കർഷകർക്ക് ആരുടെയും അനുമതി വാങ്ങേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതാണ് വ്യാപക മരംമുറിക്ക് ഉപയോഗിച്ചതും.
കഴിഞ്ഞവർഷമാണ് മരംമുറിക്ക് അനുകൂലമായ നീക്കം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2020 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിലാണ് പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനമല്ലാത്ത മരങ്ങൾ മുറിക്കാമെന്ന് ആദ്യം വ്യക്തമാക്കിയത്. എന്നാൽ, ഇൗ ഉത്തരവ് അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പല കലക്ടർമാരും ചൂണ്ടിക്കാട്ടി. ആറ് മാസത്തോളം നീണ്ട ഫയൽ നീക്കത്തിനിടെ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് എതിർപ്പറിയിച്ചെങ്കിലും സർക്കുലർ ഉത്തരവാക്കാനുള്ള സമ്മർദമാണുണ്ടായതത്രെ.
തുടർന്ന് ഒക്ടോബറിൽ സർക്കുലർ സർക്കാർ ഉത്തരവാക്കി ഇറക്കി. ആ ഉത്തരവിൽ മരംമുറിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ വിശദീകരണംകൂടി വന്നു. പതിച്ചുനൽകിയ ഭൂമിയിൽനിന്ന് കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മാത്രമല്ല ഭൂമി ലഭിക്കുന്ന സമയത്ത് വില അടച്ച് രജിസ്റ്റർ ചെയ്ത മരങ്ങൾകൂടി മുറിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു.
മുട്ടിൽ മരംമുറി: ഇടപെട്ട് ഇ.ഡിയും
കൽപറ്റ: വിവാദ മുട്ടിൽ മരംമുറിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിവരശേഖരണം തുടങ്ങി. ഈട്ടിത്തടി കടത്തിനുപിന്നിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായാണ് ഇ.ഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിെൻറ പകർപ്പും മഹസറും പരാതിയുടെ കോപ്പിയും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് ഇ.ഡി കത്ത് നൽകി. റവന്യൂ വകുപ്പിെൻറ പരാതിയിൽ പൊലീസും വനംവകുപ്പ് സ്വന്തം നിലയിലും മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി മുരളീധരൻ മുട്ടിൽ സന്ദർശിക്കും
കൽപറ്റ: സംരക്ഷിതമരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയ വയനാട്ടിലെ വിവിധ സ്ഥലങ്ങൾ വെള്ളിയാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിക്കും. രാവിലെ 11ന് കൽപറ്റയിൽ എത്തുന്ന മന്ത്രി വാഴവറ്റക്ക് സമീപം മരം മുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക. വനംകൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് മുരളീധരൻ കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.