മരംകൊള്ള: വനം വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsകൽപറ്റ: വയനാട്ടിലെ മുട്ടിലിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും റവന്യൂ ഭൂമിയിൽ നടന്ന മരംകൊള്ളയിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.
വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗ സിങ്ങിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം. ഇതിനായി ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷൻ ഡി.എഫ്.ഒമാർ തലവന്മാരായി അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.
പട്ടയ ഭൂമിയിലെ റിസർവ് ചെയ്ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന ഞെട്ടിക്കുന്ന മരംകൊള്ള പുറത്തുവന്നതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും സംഘം അന്വേഷണം നടത്തും. ഈ മാസം 22നുള്ളിൽ അന്തിമ റിപ്പോർട്ട് നൽകാനാണ് സംഘങ്ങൾക്ക് പി.സി.സി.എഫ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ ദിവസവും അന്വേഷണ പുരോഗതി അറിയിക്കണം.
ഏറെ വിവാദമായ മുട്ടിൽ മരം മുറി അന്വേഷിക്കാനുള്ള ചുമതല തിരുവനന്തപുരം ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ എ. ഷാനവാസിനാണ്. വനം വകുപ്പിെൻറയും പൊലീസിെൻറയും അന്വേഷണത്തിനു പുറമെയാണ് വനം വിജിലൻസും അന്വേഷണം ആരംഭിച്ചത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്.
അതേസമയം, മുട്ടിലിലെ റവന്യൂ ഭൂമിയിൽനിന്ന് മുറിച്ച 15 കോടിയുടെ ഈട്ടിത്തടി സർക്കാർ കണ്ടുകെട്ടും. ഇതിനുള്ള നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.