കോടികളുടെ മുട്ടിൽ വനംകൊള്ള പുറത്തുവരാൻ കാരണം മരവ്യാപാരിയുടെ ജാഗ്രത
text_fieldsകോഴിക്കോട്: കോടികളുടെ മുട്ടിൽ വനംകൊള്ള പുറത്തുവന്നതിന് പിന്നിൽ മരവ്യാപാരിയായ 'വിസിൽ ബ്ലോവർ'. എറണാകുളം കരിമുകളിലെ മലബാർ ടിംബർ ഇൻഡസ്ട്രീസിന്റെ മാനേജിങ് പാർട്നറായ എം.എം. അലിയാർ വനം വകുപ്പിന് അയച്ച ഇമെയിലാണ് അന്വേഷണങ്ങൾക്ക് തുടക്കമിടാൻ പ്രധാനകാരണം.
'ഉത്തരവാദപ്പെട്ട കച്ചവടക്കാരനെന്ന നിലയ്ക്ക് അറിയിക്കുകയാണ്, താങ്കൾ ഇക്കാര്യം അന്വേഷിക്കണം. എനിക്ക് വയനാട്ടിൽ നിന്ന് വന്ന 54 വീട്ടിത്തടിക്ക് വേണ്ടത്ര രേഖകളില്ല. ഈ മരം അനധികൃതമായി മുറിച്ചതാണോയെന്ന് സംശയമുണ്ട്. ഇക്കാര്യം ഏവിടെ വേണമെങ്കിലും വന്ന് ബോധിപ്പിക്കാം, നിയമനടപടി സ്വീകരിക്കാം' -എന്നായിരുന്നു അലിയാർ ചീഫ് കൺസർവേറ്റർ േഫാറസ്റ്റിന് അയച്ച മെയിൽ.
ഫെബ്രുവരി നാലുമുതൽ വയനാട് പ്രകൃതി സംരക്ഷണ സമിതി മുട്ടിൽ വനം കൊള്ളയെക്കുറിച്ച് വെളിപ്പെടുത്തി വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിരുന്നെങ്കിലും അധികൃതർ കാര്യഗൗരവമായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഫെബ്രുവരി ആറിന് അലിയാരിന്‍റെ ഇമെയിൽ ലഭിച്ചതോടെ അധികൃതർ ഉണർന്നുപ്രവർത്തിക്കാൻ തുടങ്ങി.
തടിക്ക് വേണ്ടത്ര രേഖകളില്ലാത്തതാണ് അലിയാറിന് സംശയങ്ങൾ തോന്നാൻ കാരണം. സൂര്യ ടിംബേർസിന്‍റെ പ്രൊപ്രൈറ്ററായ റോജി അഗസ്റ്റിനിൽനിന്നാണ് അലിയാർ തടി വാങ്ങിയത്. ഫെബ്രുവരി മൂന്നിന് 18,86,544 രൂപ ചെലവിൽ 54 വീട്ടിത്തടികൾ കരിമുകളിലെത്തുകയും ചെയ്തു. എന്നാൽ 2005ലെ കേരള പ്രെമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോൺ ഫോറസ്റ്റ് ലാൻഡ് നിയമപ്രകാരമുള്ള ഫോം മൂന്ന് നിർബന്ധിത പാസ് ഇവക്കൊപ്പം ഉണ്ടായിരുന്നില്ല. വിവരം റോജി അഗസ്റ്റിനെ അറിയിച്ചപ്പോൾ ഉടൻ എത്തിക്കാമെന്നായിരുന്നു മറുപടി. രേഖകൾ ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ സൂര്യ ടിബേർസിന് കഴിഞ്ഞില്ല. ഇതോടെയാണ് അനധികൃതമായി മുറിച്ചുകടത്തിയവയാണ് ഈ തടികൾ എന്ന് അലിയാറിന് സംശയം തോന്നുന്നതും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് മെയിൽ അയക്കുന്നതും.
അന്വേഷണം ആരംഭിച്ചതോടെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായി റോജി അഗസ്റ്റിൻ. റോജിക്കെതിരെ എവിടെ വേണമെങ്കിലും മൊഴി നൽകാമെന്നും സൂര്യ ടിംബേർസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തയാറാണെന്നും അലിയാർ പറയുന്നു.
അലിയാറിന്‍റെ ഇമെയിൽ ലഭിച്ചയുടൻ സി.സി.എഫ് അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഫെബ്രുവരി എട്ടിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ. സമീറും സംഘവും കരിമുകളിലെത്തി വീട്ടിത്തടി കണ്ടുക്കെട്ടി. മുട്ടിൽ ഗ്രാമത്തിൽനിന്ന് വനം വകുപ്പിന്‍റെ മൗനാനുവാദത്തോടെ മുറിച്ചുകടത്തിയ 101 വീട്ടിമരത്തിന്‍റെ തടികളായിരുന്നു അവയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു.
വനംക്കൊള്ളയിൽ സൂര്യ ടിംബഴ്സിന്റെ പങ്ക് കണ്ടെത്തുന്നതിനായി ഫെബ്രുവരി എട്ടിനുതന്നെ മുട്ടിൽ വാഴവറ്റയിലെ ഓഫിസിൽ മുണ്ടക്കൈ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.ബി. മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ സ്റ്റോക്ക് രജിസ്റ്റർ, പർച്ചേസ് രജിസ്റ്റർ, മറ്റു രേഖകൾ തുടങ്ങിയവയിൽ അസ്വാഭാവിക കണ്ടെത്തിയതോടെ റോജി അഗസ്റ്റിനെതിരെയും കുരുക്ക് മുറുകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുേമ്പാൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിെല വനംകൊള്ളയുടെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.